Sanju Samson: ‘സഞ്ജു ചെന്നൈയിൽ എത്തില്ല’; ആ ഡീലിൽ രാജസ്ഥാന് പ്രയോജനമൊന്നുമില്ലെന്ന് ആർ അശ്വിൻ
R Ashwin About Sanju Samson Trade Saga: സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തില്ലെന്ന വെളിപ്പെടുത്തലുമായി ആർ അശ്വിൻ. ഈ ഡീൽ രാജസ്ഥാന് പ്രയോജനകരമാവില്ലെന്നും അശ്വിൻ പറഞ്ഞു.
സഞ്ജു സാംസൺ ട്രേഡ് ഡീലിൽ നിർണായകൻ വെളിപ്പെടുത്തലുമായി ചെന്നൈ സൂപ്പർ കിംഗ്സ് സ്പിന്നർ ആർ അശ്വിൻ. സഞ്ജു ചെന്നൈയിൽ എത്തില്ലെന്നും ആ ഡീലിൽ രാജസ്ഥാന് പ്രയോജനമൊന്നും ഇല്ലെന്നും അശ്വിൻ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ വെളിപ്പെടുത്തൽ.
രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ്സ് ട്രേഡ് നടക്കില്ല. എന്തുകൊണ്ടെന്നാൽ, സഞ്ജുവിനെ ചെന്നൈയിലേക്ക് ട്രേഡ് ചെയ്താൽ രാജസ്ഥാൻ റോയൽസിന് മറ്റ് ടീമുകളുമായി ട്രേഡ് ചെയ്യേണ്ടിവരും. അവർക്ക് നല്ല താരങ്ങളെ കിട്ടിയേക്കില്ല. ഉദാഹരണത്തിന് രവി ബിഷ്ണോയെപ്പോലൊരു സ്പിന്നറിനായി രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ സമീപിച്ചാൽ, ലഖ്നൗ സഞ്ജുവിനെ സ്വന്തമാക്കി ബിഷ്ണോയെ വിട്ടുനൽകിയാൽ, പഴ്സിൽ ബാക്കിയുള്ള പണം ഉപയോഗിച്ച് സഞ്ജുവിനെ നിലനിർത്തണം. അത് ലഖ്നൗവിൻ്റെ ചുമതലയാവും. ചെന്നൈ സൂപ്പർ കിംഗ്സ് പൊതുവേ ട്രേഡിംഗിൽ വിശ്വസിക്കാറില്ല. അവർ രവീന്ദ്ര ജഡേജ, ശിവം ദുബെ തുടങ്ങിയവരെ ട്രേഡ് ചെയ്യില്ല. അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈയിലേക്ക് വരില്ല. ഇത്തരം ഒരു ഡീലിൽ നിന്ന് രാജസ്ഥാന് കാര്യമായ പ്രയോജനവുമില്ല.”- അശ്വിൻ വിശദീകരിച്ചു.




സഞ്ജുവിന് പകരം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് താരങ്ങളെ വേണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടതായാണ് വിവരം. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിന് പകരം ചോദിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തോട് ചെന്നൈ സൂപ്പർ കിംഗ്സ് മുഖം തിരിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർ അശ്വിൻ്റെ വിഡിയോ.
സഞ്ജു ടീം വിടുമ്പോൾ വിവിധ ഫ്രാഞ്ചൈസികളിലെ പല താരങ്ങളിലും രാജസ്ഥാൻ റോയൽസിന് താത്പര്യമുണ്ട് എന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഫ്രാഞ്ചൈസികൾ ഓരോന്നിനെയായി റോയൽസ് സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസിയുമായി റോയൽസ് ഏകദേശധാരണയായെന്നും റിപ്പോർട്ടിൽ പറയുന്നു.