IPL 2025: ഐപിഎൽ വിജയാഘോഷത്തിനിടെ വിരാട് കോലിയുടെ കണ്ണീര് തുടച്ച് അനുഷ്ക ശർമ്മ; വിഡിയോ വൈറൽ
Anushka Sharma Wipes Virat Kohlis Tears: ഐപിഎൽ കിരീടനേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിരാട് കോലിയുടെ കണ്ണീര് തുടയ്ക്കുന്ന അനുഷ്ക ശർമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആറ് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം.

അനുഷ്ക ശർമ്മ, വിരാട് കോലി
18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വിരാട് കോലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഒടുവിൽ ഐപിഎൽ കിരീടനേട്ടത്തിൻ്റെ സ്വാദറിഞ്ഞിരിക്കുന്നു. ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബിയുടെ കിരീടനേട്ടം. വിജയത്തിന് പിന്നാലെ സന്തോഷം കൊണ്ട് കരഞ്ഞുപോയ വിരാട് കോലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയാണ് കോലിയുടെ കണ്ണീര് തുടച്ചത്.
അവസാന പന്തെറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് നിലത്തേക്കിരുന്ന കോലി പിന്നീട് അവിടെനിന്ന് എഴുന്നേറ്റപ്പോൾ സഹതാരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. അപ്പോഴൊക്കെ കോലി ആരെയോ തിരയുകയായിരുന്നു. ആരൊക്കെയോ അടുത്തേക്ക് വരുന്നു, അഭിനന്ദിക്കുന്നു. കോലി അക്ഷമയോടെ കാത്തുനിന്നയാൾ ഒടുവിൽ അയാൾക്കരികിലേക്ക് ഓടിയെത്തി. കരിയറിലുടനീളം, സുഖത്തിലും ദുഖത്തിലും ഒപ്പമുള്ള അനുഷ്ക ശർമ്മയെ കണ്ടയുടൻ കോലിയുടെ ഒരു ദീർഘാലിംഗനം. അനുഷ്കയുടെ തോളിൽ മുഖമൊളിപ്പിച്ച് അയാൾ കരഞ്ഞു. ആലിംഗനം അവസാനിപ്പിച്ച് മുഖമുയർത്തുമ്പോൾ കോലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സ്നേഹത്തോടെ അനുഷ്ക കണ്ണീര് തുടച്ചു. തുടർന്ന് ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകുന്ന കോലിയുടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
വൈറൽ വിഡിയോ
virat running to anushka, after winning everything 🥹🪬pic.twitter.com/r4bH2cDAfx
— T. ࣪ ִֶָ☾. (@iklamhaa) June 3, 2025
കിരീടനേട്ടം വിശ്വസിക്കാനാവുന്നില്ല എന്ന് കോലി പ്രതികരിച്ചിരുന്നു. 18 വർഷമായുള്ള കാത്തിരിപ്പാണ് ഇത്. തൻ്റെ അഭിമാനവും മത്സരപരിചയവും യൗവനവുമൊക്കെ ടീമിന് നൽകി. ഒടുവിൽ ആ നിമിഷമെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു ദിവസം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി ഒരു കുഞ്ഞിനെപ്പോലെ താൻ ഉറങ്ങുമെന്നും കോലി പറഞ്ഞു.
Also Read: IPL 2025: അണ്ടറേറ്റഡ്, ലെജൻഡ്, മാച്ച്‌വിന്നർ; ആർസിബിയുടെ കടപ്പാട് കൃണാൽ പാണ്ഡ്യയോട്
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസാണ് നേടിയത്. 191 റൺസിൻ്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആർസിബിയ്ക്കായി നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കൃണാൽ പാണ്ഡ്യ ആണ് കളിയിലെ താരം.