IPL 2025: അണ്ടറേറ്റഡ്, ലെജൻഡ്, മാച്ച്‌വിന്നർ; ആർസിബിയുടെ കടപ്പാട് കൃണാൽ പാണ്ഡ്യയോട്
RCB Should Thank Krunal Pandya: എത്രയൊക്കെ നന്നായി കളിച്ചാലും അത് തിരിച്ചറിയപ്പെടാതെ പോകുന്ന നിർഭാഗ്യവാനാണ് കൃണാൽ പാണ്ഡ്യ. ആർസിബി ആദ്യമായി കപ്പടിക്കുമ്പോൾ ഈ സീസണിലും കൃണാൽ നിശബ്ദമായി തൻ്റെ ജോലി ചെയ്തിട്ടുണ്ട്.
നാലോവറിൽ 17 റൺസിന് രണ്ട് വിക്കറ്റ്. ഒരു പ്രെസ്റ്റീജിയസ് ടൂർണമെൻ്റ് ഫൈനലിൽ, രണ്ട് ടീമുകളും ചേർന്ന് 380ഓളം റൺസ് സ്കോർ ചെയ്ത മത്സരത്തിൽ ഒരു താരത്തിൻ്റെ ബൗളിംഗ് ഫിഗർ. മത്സരത്തിൽ അയാളുടെ ടീം 18 വർഷത്തിലാദ്യമായി കിരീടം ചൂടിയപ്പോൾ ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. വർഷങ്ങളായി ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും തൻ്റെ ടീമിനായി ‘ചത്ത് കളിക്കുന്ന’ അയാൾക്ക് പക്ഷേ, ഒരിക്കലും അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ഈ സീസണിൽ ആർസിബി കടപ്പെടേണ്ടത് അയാളോടാണ്, കൃണാൽ പാണ്ഡ്യ.
ആർസിബി ടീമിൽ കളിക്കേണ്ട ഓറ അയാളിൽ ഇല്ല എന്നതാണ് വയ്പ്. ടീം സിസ്റ്റത്തിൽ തീരെ ഫിറ്റാവാത്ത താരമെന്ന ലേബലും പേറിയാണ് കൃണാൽ പാണ്ഡ്യ അഞ്ചേമുക്കാൽ കോടിയ്ക്ക് ആർസിബി ടീമിലെത്തുന്നത്. കൃണാൽ ഒരു ഗ്രിറ്റി പ്ലയറാണ്. ഹർപ്രീത് ബ്രാർ പോലെ, കരൺ ശർമ്മ പോലെ ഉപരിതലത്തിലേക്ക് വരാത്ത യൂട്ടിലിറ്റി കളിക്കാരൻ. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ടീമിനായി നൂറ് ശതമാനം നൽകുന്നവൻ. പക്ഷേ, കളത്തിന് പുറത്ത് കൃണാലിന് അത്ര നല്ല വിലാസമല്ല. ദീപക് ഹൂഡയും സ്വപ്നിൽ സിംഗുമൊക്കെ കൃണാലിൻ്റെ അൺപ്രൊഫഷണലിസത്തിൻ്റെ ഇരകളാണ്. നേരത്തെ പറഞ്ഞ, ഓറ ഇല്ലാത്ത താരം. തൻ്റെ അവധാനതയിൽ, കൗശലം കൊണ്ട് റിസൽട്ടുണ്ടാക്കുന്നവൻ. 100 കിലോമീറ്റർ വേഗത്തിലെറിയുന്ന ബൗൺസറുകളും 70 കിലോമീറ്റർ വേഗത്തിലുള്ള ആം ബോളുകളും കൊണ്ട് ബാറ്റർമാരെ കബളിപ്പിക്കുന്ന കൃണാൽ പരമ്പരാഗത ക്രിക്കറ്റിങ് ടാലൻ്റിനപ്പുറം ഗ്രിറ്റ് ആണ് മുന്നോട്ടുവെക്കുന്നത്.




സീസണിൽ 17 വിക്കറ്റുകളാണ് കൃണാൽ നേടിയത്. ഐപിഎൽ കരിയറിലെ ഏറ്റവും നല്ല പ്രകടനം. ബൗളിംഗിൽ വ്യത്യസ്തതകൾ കൊണ്ടുവന്ന് മധ്യ ഓവറുകൾ എതിരാളികളെ പിടിച്ചുനിർത്തിയുള്ള സ്പെല്ലുകൾ ബെംഗളൂരുവിൻ്റെ യാത്രയിൽ അതിനിർണായകമായി. പവർപ്ലേയിലും ഡെത്തിലുമൊക്കെ കൃണാൽ എറിഞ്ഞു. സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ആർസിബി നിരയിൽ ബാറ്റ് ചെയ്യാൻ അധികം അവസരം ലഭിച്ചില്ലെങ്കിലും ഒരു 73 നോട്ടൗട്ട് അടക്കം കൃണാൽ അവിടെയും നിരാശപ്പെടുത്തിയില്ല.
‘ഫൈനൽ മാൻ ഓഫ് ദി മാച്ച് – കൃണാൽ പാണ്ഡ്യ’ എന്ന അടയാളപ്പെടുത്തലിനപ്പുറം ക്രിക്കറ്റ് ചർച്ചകളിലോ ആരാധകക്കണ്ണീരിലോ അയാൾക്ക് ഇടം ലഭിച്ചിട്ടില്ല. അവിടെയൊക്കെ ഓറയുള്ള മറ്റ് താരങ്ങളാണ് ആഘോഷിക്കപ്പെടുന്നത്. അവർക്കൊപ്പം വിസ്മരിക്കരുതാത്ത ഒരു പേരാണ്, കൃണാൽ പാണ്ഡ്യ.