IPL 2025: വീണ്ടും നിരാശപ്പെടുത്തി പന്ത്, മിന്നിച്ച് മര്‍ക്രമും മാര്‍ഷും; ലഖ്‌നൗവിന് മികച്ച സ്‌കോര്‍
IPL 2025 SRH vs LSG: വിജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താം. സണ്‍റൈസേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും സച്ചിന്‍ ബേബിക്ക് ഇന്ന് അവസരം ലഭിച്ചില്ല
പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ലഖ്‌നൗവിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. പതിവുപോലെ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും, എയ്ഡന്‍ മര്‍ക്രമും ലഖ്‌നൗവിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുക്കെട്ടില്‍ ഇരുവരും 115 റണ്‍സാണ് ലഖ്‌നൗവിന് സമ്മാനിച്ചത്. ഒടുവില്‍ പതിനൊന്നാമത്തെ ഓവറിലെ മൂന്നാം പന്തില്‍ മാര്‍ഷിനെ പുറത്താക്കി ഹാര്‍ഷ് ദുബെയാണ് ഈ കൂട്ടുക്കെട്ട് തകര്‍ത്തത്.
39 പന്തില്‍ 65 റണ്‍സെടുത്ത മാര്‍ഷ് ഈഷന്‍ മലിംഗയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോഷന്‍ നല്‍കിയ ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്താണ് തുടര്‍ന്ന് ക്രീസിലെത്തിയത്. സീസണില്‍ നിരാശജകമായ ബാറ്റിങ് കാഴ്ചവയ്ക്കുന്ന പതിവ് ഇത്തവണയും പന്ത് തെറ്റിച്ചില്ല. ആറു പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ലഖ്‌നൗ ക്യാപ്റ്റന് നേടാനായത്. സ്വന്തം ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ മലിംഗയാണ് പന്തിനെ മടക്കിയത്.




തുടര്‍ന്ന് നിക്കോളാസ് പുരന്‍-മര്‍ക്രം സഖ്യം ലഖ്‌നൗവിനെ മുന്നോട്ടു നയിച്ചു. ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 159ല്‍ എത്തിനില്‍ക്കെ മര്‍ക്രം പുറത്തായി. 38 പന്തില്‍ 61 റണ്‍സെടുത്ത മര്‍ക്രമിനെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ മലിംഗ വീണ്ടും ആഞ്ഞടിച്ചു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത ആയുഷ് ബദോനിയായിരുന്നു മലിംഗയുടെ അടുത്ത ഇര. നിതീഷ് കുമാര്‍ റെഡ്ഡിക് ക്യാച്ച് നല്‍കിയാണ് ബദോനി പുറത്തായത്.
അവസാന ഓവറിലെ മൂന്നാം പന്തില്‍ അര്‍ധ സെഞ്ചുറിക്ക് തൊട്ടരികെ നിക്കോളാസ് പുരന്‍ റണ്ണൗട്ടായി. 26 പന്തില്‍ 45 റണ്‍സാണ് പുരന്‍ നേടിയത്. തുടര്‍ന്ന് ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ ഷാര്‍ദ്ദുല്‍ താക്കൂറും റണ്ണൗട്ടായി. നാല് റണ്‍സാണ് താക്കൂര്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ അബ്ദുല്‍ സമദിനെ നിതീഷ് കുമാര്‍ റെഡ്ഡി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ആറു പന്തില്‍ മൂന്ന് റണ്‍സെടുത്തായിരുന്നു സമദിന്റെ മടക്കം. അവസാന പന്ത് സിക്‌സര്‍ പറത്തി ആകാശ് ദീപ് ലഖ്‌നൗവിന്റെ സ്‌കോര്‍ 200 കടത്തി.
Read Also: IPL 2025: ടി20യിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും രാഹുല്‍ കൊണ്ടുപോകുമോ? സഞ്ജുവിന് ഒത്ത എതിരാളി
ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താം. സണ്‍റൈസേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും മലയാളിതാരം സച്ചിന്‍ ബേബിക്ക് ഇന്ന് അവസരം ലഭിച്ചില്ല.