IPL 2025: അന്ന് എല്ലാം മഴ തുലച്ചു; സച്ചിന്‍ ബേബിക്ക് ഇന്ന് അവസരം ലഭിക്കുമോ?
IPL 2025 SRH vs LSG: പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്‌സിന് ബാക്കിയുള്ള മത്സരങ്ങളില്‍ ജയിച്ച് അഭിമാനത്തോടെ മടങ്ങുക മാത്രമാണ് ലക്ഷ്യം. പ്ലേ ഓഫില്‍ അവശേഷിക്കുന്ന ഒരു സ്‌പോട്ട് സ്വന്തമാക്കാനാകും ലഖ്‌നൗവിന്റെ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു

സച്ചിന്‍ ബേബി പരിശീലനത്തില്‍
ഐപിഎല്ലില്‍ പ്ലേ ഓഫ് മോഹങ്ങളുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നുമില്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഏഴാമതുള്ള ലഖ്‌നൗവിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഇനിയും സാധ്യതകളുണ്ട്. എന്നാല്‍ 11 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ നിന്ന് ഇതിനകം പുറത്തായി. സണ്‍റൈസേഴ്‌സ് അവസരം കാത്തിരിക്കുന്ന താരങ്ങളില്‍ ചിലരെയെങ്കിലും ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതിന് മുമ്പ് ഡല്‍ഹിക്കെതിരെ നടന്ന സണ്‍റൈസേഴ്‌സിന്റെ മത്സരം മഴമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
മലയാളിതാരം സച്ചിന്‍ ബേബിക്ക് ഐപിഎല്‍ 2025 സീസണില്‍ സണ്‍റൈസേഴ്‌സ് ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയത് ഡല്‍ഹിക്കെതിരായ മത്സരത്തിലായിരുന്നു. എന്നാല്‍ മഴ മൂലം കളി മുടങ്ങിയതിനാല്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. താരത്തിനും ഇന്ന് അവസരം ലഭിക്കുമോയെന്നതിലാണ് ആരാധകരുടെ ആകാംക്ഷ. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ലെന്നത് ആശ്വാസകരമാണ്.
Read Also: IPL 2025: കാത്തിരുന്ന് കളിക്കാനിറങ്ങി, എല്ലാം മഴ തുലച്ചു; സച്ചിന്‍ ബേബിയുടെ കാത്തിരിപ്പ് ‘തുടരും’
പ്ലേ ഓഫ് പ്രതീക്ഷകളോടെ ലഖ്‌നൗ
പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സണ്‍റൈസേഴ്‌സിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ ജയിച്ച് അഭിമാനത്തോടെ മടങ്ങുക മാത്രമാണ് ലക്ഷ്യം. എന്നാല്‍ പ്ലേ ഓഫില്‍ അവശേഷിക്കുന്ന ഒരു സ്‌പോട്ട് സ്വന്തമാക്കാനാകും ലഖ്‌നൗവിന്റെ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. ബാക്കിയുള്ള ഒരു സ്‌പോട്ടിനായി മുംബൈ ഇന്ത്യന്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും, ലഖ്‌നൗവുമാണ് പോരാടുന്നത്.
ഇനി മൂന്ന് മത്സരങ്ങളാണ് ലഖ്‌നൗവിന് ബാക്കിയുള്ളത്. പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ ഈ മൂന്ന് മത്സരങ്ങളിലും ലഖ്‌നൗവിന് ജയിക്കണം. ഒപ്പം പ്ലേ ഓഫിനായി പോരാടുന്ന മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാകും ലഖ്‌നൗവിന്റെ മുന്നോട്ടുപോക്ക്. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോമാണ് ലഖ്‌നൗവിനെ അലട്ടുന്ന മുഖ്യപ്രശ്‌നം.