AI രംഗത്ത് ഇന്ത്യ മുൻ നിരയിൽ; വെല്ലുവിളികളെ നേരിടാൻ സജ്ജമെന്ന് അശ്വിനി വൈഷ്ണവ്
സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് ഐഎ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ കുറിച്ച് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ഇന്ത്യയെ എഐ മേഖലയിൽ ഐഎംഎപ് രണ്ടാം തലത്തി ഉൾപ്പെടുത്തിയ വിയോജിച്ച മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ഡാവോസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്ത് ഇന്ത്യ ഒരു രണ്ടാം നിര രാജ്യമല്ലെന്നും, ഈ മേഖലയിലെ അഞ്ച് നിർണ്ണായക തലങ്ങളിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് ഐഎ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ കുറിച്ച് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ഇന്ത്യയെ എഐ മേഖലയിൽ ഐഎംഎഫ് രണ്ടാം തലത്തി ഉൾപ്പെടുത്തിയ വിയോജിച്ച മന്ത്രി, സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ റിപ്പോർട്ട് പ്രകാരം എഐ വ്യാപനത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തും ടാലന്റ് ബേസിൽ രണ്ടാം സ്ഥാനത്തുമാണെന്ന് ചൂണ്ടിക്കാട്ടി
മന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞ എഐയിൽ ഇന്ത്യയുടെ അഞ്ച് തലങ്ങളിലെ മുന്നേറ്റം
എഐ ആർക്കിടെക്ചറിലെ അഞ്ച് പ്രധാന മേഖലകളായ ആപ്ലിക്കേഷൻ, മോഡൽ, ചിപ്പ്, ഇൻഫ്രാസ്ട്രക്ചർ, എനർജി എന്നിവയിൽ ഇന്ത്യ ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലോകത്തിന് ആവശ്യമായ എഐ സേവനങ്ങൾ നൽകുന്ന ഏറ്റവും വലിയ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ആപ്ലിക്കേഷൻ ലെയർ: ജീവിതമൂല്യം വർദ്ധിപ്പിക്കാൻ
എഐ സ്റ്റാക്കിന്റെ ഏറ്റവും മുകളിലുള്ള ഈ ലെയറാണ് സാധാരണക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, ഭരണം എന്നീ മേഖലകളിൽ എഐ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. ഒരു ചെറിയ വിഭാഗത്തിന് പകരം ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളിലേക്ക് എഐയുടെ ഗുണഫലങ്ങൾ എത്തിക്കുന്നതിലാണ് ഇതിലൂടെ ലക്ഷ്യവെക്കുന്നത്.
മോഡൽ ലെയർ: അറിവിന്റെ കേന്ദ്രം
ബുദ്ധിയും തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും നൽകുന്നത് തലത്തിലാണ്. വിദേശ രാജ്യങ്ങളുടെ ചെലവേറിയ എഐ മോഡലുകളെ മാത്രം ആശ്രയിക്കാതെ, ഇന്ത്യൻ ഭാഷകൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ‘സൊവറിൻ മോഡലുകൾ’ ഇന്ത്യ വികസിപ്പിക്കുന്നു. ഇത് ഡാറ്റാ സുരക്ഷയും രാജ്യത്തിന്റെ സാങ്കേതിക സ്വയംഭരണാധികാരവും ഉറപ്പാക്കുന്നു. ഓപ്പൺ സോഴ്സ് മോഡലുകൾ വഴി സാധാരണക്കാർക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചിലവിൽ എഐ ലഭ്യമാക്കാനും ഇത് സഹായിക്കും.
ചിപ്പ്/കമ്പ്യൂട്ട് ലെയർ: എഐയുടെ കരുത്ത്
എഐ മോഡലുകൾ പ്രവർത്തിക്കാൻ ആവശ്യമായ അതിവേഗ പ്രോസസ്സറുകളായ GPU TPU എന്നിവയുടെ നിർമാണ്. ദേശീയ തലത്തിലുള്ള പദ്ധതികളുടെ കീഴിൽ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ലോകത്തിലെ ശരാശരി നിരക്കിന്റെ മൂന്നിലൊന്ന് ചിലവിൽ 38,000-ൽ അധികം GPU ലഭ്യമാക്കാൻ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ഇന്ത്യയിൽ തന്നെ സെമികണ്ടക്ടർ നിർമ്മാണ ശാലകൾ സ്ഥാപിക്കുന്നതോടെ ഈ മേഖലയിൽ രാജ്യം സ്വയംപര്യാപ്തമാകും.
ഡാറ്റാ സെന്റർ ലെയർ: ഡിജിറ്റൽ നട്ടെല്ല്
എഐ മോഡലുകളെയും വിവരങ്ങളെയും സൂക്ഷിക്കാനുള്ള ഡാറ്റാ സെന്ററുകളുടെ വിപുലീകരണമാണ് നാലാം ഘട്ടം. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാർ ഇതിനോടകം 70 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയിൽ നടത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ കൂളിംഗ് സംവിധാനങ്ങളും ഊർജ്ജക്ഷമതയും ഉപയോഗിച്ച് വലിയ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്.
എനർജി ലെയർ: ശാന്തി ആക്ട് (SHANTI Act)
എഐ അടിസ്ഥാന സൗകര്യങ്ങൾക്ക് 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി അത്യാവശ്യമാണ്. ഇതിനായി ആണവോർജ്ജത്തെ പ്രയോജനപ്പെടുത്തുന്ന ‘ശാന്തി ആക്ട്’ (SHANTI Act) ഇന്ത്യ നടപ്പിലാക്കുന്നു. സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMRs), സ്വകാര്യ-പൊതു പങ്കാളിത്തം, വിദേശ നിക്ഷേപം എന്നിവയിലൂടെ എഐക്ക് ആവശ്യമായ ഹരിത ഊർജ്ജം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിദേശ രാജ്യങ്ങളുടെ വൻകിട എഐ മോഡലുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഇന്ത്യയ്ക്കില്ല. രാജ്യത്തിന് സ്വന്തമായി മോഡലുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. ഇത് 95 ശതമാനം ജോലികളും സുഗമമായി ചെയ്യാൻ പ്രാപ്തമാണ്. അതുപോലെ എഐ രംഗത്തെ പ്രധാന വെല്ലുവിളിയായ ജിപിയു കുറവ് പരിഹരിക്കാൻ സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ 38,000 ജിപിയു സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഇത് കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. ഒപ്പം രാജ്യത്തെ ഐടി വ്യവസായത്തെ എഐ കേന്ദ്രീകൃതമാക്കുന്നതിൻ്റെ ഭാഗമായി 10 ദശലക്ഷം (1 കോടി) ആളുകൾക്ക് എഐ നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്.
കൂടാതെ ഡീപ്പ് ഫേക്കുകൾ കണ്ടെത്താനും എഐയിലെ പക്ഷപാതങ്ങൾ ഒഴിവാക്കാനും കേവലം നിയമങ്ങൾ മാത്രമല്ല, സാങ്കേതികമായ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. അഞ്ചാം വ്യാവസായിക വിപ്ലവത്തിന്റെ ചാലകശക്തി എഐ ആയിരിക്കുമെന്നും അതിൽ ഇന്ത്യ നിർണ്ണായക പങ്കുവഹിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.