LVM3-M5 Launch: എൽവിഎം3 എം5 വിക്ഷേപണം ഇന്ന്; വഹിക്കുന്നത് നിർണായക വാർത്താ വിനിമയ ഉപഗ്രഹം
LVM3-M5 Rocket Launch: വൈകിട്ടോടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, മറ്റ് വിശദാംശങ്ങളോ ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ശ്രീഹരിക്കോട്ട: എൽവിഎം3 എം5 (LVM3-M5 Launch) വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റ് വിക്ഷേപണം ഇന്ന് വൈകിട്ട് 5.27ന് നടക്കും. സതീഷ് ധവാൻ സ്‌പേസ് സെൻററിൽ നിന്നാണ് വിക്ഷേപണം.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിക്ഷേപണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് എൽവിഎം3 എം5 റോക്കറ്റിൽ വിക്ഷേപിക്കുന്നത്. വൈകിട്ടോടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം.
Also Read: ഗഗന്‍യാന്‍ ഒരുങ്ങുന്നു, 90 ശതമാനം ജോലികളും പൂര്‍ത്തിയായി; കാത്തിരുന്ന പ്രഖ്യാപനം
CMS 03 ഉപഗ്രഹത്തിന് ഏകദേശം 4400 കിലോഗ്രാം ഭാരമാണുള്ളത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, മറ്റ് വിശദാംശങ്ങളോ ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയും ചൈനയും മുമ്പ് സമാന രീതിയിൽ വിക്ഷേപണം നടത്തിയിട്ടുണ്ട്. എന്നാൽ ഐഎസ്ആർഒയുടെ ചരിത്രത്തിൽ ഒരു വിക്ഷേപണം ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്.
2025 വർഷം തുടങ്ങിയതിൽ പിന്നെ ഐഎസ്ആർഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. വിക്ഷേപണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ഇന്ത്യൻ ഭൂഖണ്ഡം ഉൾപ്പെടെ വിശാലമായ സമുദ്രമേഖലകളിൽ സേവനങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൾട്ടി-ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ് CMS-03.