META: കൗമാരക്കാരോട് ഇനി അമ്മാതിരി വര്‍ത്തമാനം വേണ്ട കേട്ടോ ! എഐ കൂടുതല്‍ സുരക്ഷിതമാക്കാന്‍ മെറ്റ
Meta to add new Artificial intelligence safeguards: കൗമാരക്കാർക്ക് സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ എഐ അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികളെടുക്കുമെന്നും, ഇതിന് മുന്നോടിയായാണ് ഈ താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുന്നതെന്നും മെറ്റാ വക്താവ് ആൻഡി സ്റ്റോൺ

Meta
കൗമാരക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഡക്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ മെറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്തവരുമായി മോശം ആശയവിനിമയം നടത്തുന്നത് ഒഴിവാക്കാനും, കുറ്റകൃത്യ വാസന വര്‍ധിപ്പിക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കാനും സിസ്റ്റത്തെ പരിശീലിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ചില എഐ ക്യാരക്ടേഴ്‌സിലേക്കുള്ള ആക്‌സസും താല്‍ക്കാലികമായി പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൗമാരക്കാരുടെ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന റിപ്പോര്‍ട്ടുകള്‍ റോയിട്ടേഴ്‌സ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മെറ്റ നടപടികളിലേക്ക് കടക്കുന്നത്.
മെറ്റ അനുവദിക്കുന്ന ചാറ്റ്‌ബോട്ട് രീതികളുടെ പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ചായിരുന്നു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. റൊമാന്റിക്കായതും മോശമായതുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ബോട്ടുകളെ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
കൗമാരക്കാർക്ക് സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ എഐ അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികളെടുക്കുമെന്നും, ഇതിന് മുന്നോടിയായാണ് ഈ താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുന്നതെന്നും മെറ്റാ വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കമ്പനി സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനനുസരിച്ച് കാലക്രമേണ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും ആൻഡി സ്റ്റോൺ വ്യക്തമാക്കി.
Also Read: Meta: എഐ യൂണിറ്റുകളെ വിഭജിക്കും? വമ്പന്‍ നീക്കത്തിനൊരുങ്ങി മെറ്റ
കമ്പനിയുടെ എഐ നയങ്ങളെ ചോദ്യം ചെയ്ത് യുഎസ് സെനറ്റല്‍ ജോഷ് ഹാവ്‌ലി നേരത്തെ രംഗത്തെത്തിയിരുന്നു. ചാറ്റ്ബോട്ടുകൾക്ക് പ്രായപൂർത്തിയാകാത്തവരുമായി അനുചിതമായി ഇടപഴകാൻ അനുവദിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള രേഖകളും ജോഷ് ഹാവ്‌ലി ആവശ്യപ്പെട്ടിരുന്നു.