Sunita Williams: ഒടുവിൽ അവർ ഭൂമിയിലേക്ക്…!: 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുന്നു
Sunita Williams And Barry Wilmore Return: 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിൽ 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും, സാങ്കേതിക തകരാർ മൂലം കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

ന്യൂയോർക്: കഴിഞ്ഞ ഒമ്പത് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറും തിരകെ ഭൂമിയിലേക്ക്. ഇരുവരുടെയും തിരിച്ചുവരവ് തീയതിയാണ് ഇപ്പോൾ നാസ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് മാസമായി ബഹിരാകാശനിലയത്തിൽ കുടുങ്ങിയ ഇരുവരും സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഭൂമിയിലേക്ക് തിരിച്ചെത്തുക. മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിൽ 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും, സാങ്കേതിക തകരാർ മൂലം കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവർ പോയ ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് തിരികെയെത്തിയിരുന്നു. ആദ്യം ഫെബ്രുവരിയിൽ അവർ തിരിച്ചെത്തുമെന്നാണ് നാസ അറിയിച്ചിരുന്നത്.
മനുഷ്യരേയും വഹിച്ചുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള സ്റ്റാർലൈനറിന്റെ പരീക്ഷണ വിക്ഷേപണത്തിൽ ജൂൺ അഞ്ചിനാണ് ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ജൂൺ ഏഴിന് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. 10 ദിവസത്തെ ദൗത്യത്തിന് ശേഷം ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ സാങ്കേതിക തകരാറുകളും ഹീലിയം ചോർച്ചയും മടങ്ങിവരവിന് തടസമാവുകയായിരുന്നു.
യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കൊടുവിലാണ് ഇരുവരുടെയും മടക്കയാത്രയിൽ അതിവേഗ നടപടിയിലേക്ക് കടന്നത്. തിരികെ ഭൂമിയിൽ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക പ്രശ്നങ്ങളായിരിക്കുമെന്നാണ് നിഗമനം. ശാരീരികമായി ഉണ്ടാകുന്ന കഠിനമായ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിലാണ് സുനിത വില്യംസും ബുച്ചും.