Apple Watch WhatsApp: ആപ്പിള്‍ വാച്ചില്‍ നോക്കി വാട്‌സാപ്പില്‍ ചാറ്റാം? വമ്പന്‍ പ്രോജക്ട് ഉടന്‍
Apple watch companion WhatsApp app: ചാറ്റുകള്‍ വായിക്കാനും, മറുപടികള്‍ നല്‍കാനും, ഇമോജികള്‍ പങ്കുവച്ച് റിയാക്ട് ചെയ്യാനുമൊക്കെ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് വിവരം
ആപ്പിള്‍ വാച്ചില്‍ വാട്‌സാപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ ലഭ്യമാക്കാന്‍ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് പരീക്ഷണം ആരംഭിച്ചുകഴിഞ്ഞെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാറ്റുകള്‍ വായിക്കാനും, മറുപടികള്‍ നല്‍കാനും, ഇമോജികള്‍ പങ്കുവച്ച് റിയാക്ട് ചെയ്യാനുമൊക്കെ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് വിവരം. എന്നാല്‍ ഫോണില്ലാതെ വാട്‌സാപ്പ് സേവനം വാച്ചില്‍ പ്രവര്‍ത്തിക്കില്ല. സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ആപ്പിൾ വാച്ച് ഐഫോണുമായി കണക്ട് ചെയ്തിരിക്കണം. ഭാവിയില്‍ ഐ ഫോണ്‍ ഇല്ലാതെ തന്നെ വാട്‌സാപ്പ് ഉപയോഗിക്കാവുന്ന തരത്തില്‍ ഇത് വികസിച്ചേക്കാം.
നേരത്തെ, വാട്‌സാപ്പ് സന്ദേശങ്ങൾ ആപ്പിൾ വാച്ചിൽ നോട്ടിഫിക്കേഷനുകളായി മാത്രമാണ് ലഭിച്ചിരുന്നത്. നോട്ടിഫിക്കേഷനുകൾ കാണാൻ മാത്രമായി സാധിച്ചിരുന്ന പഴയ രീതിയിൽ നിന്ന് വലിയ മാറ്റമാണ് പുതിയ അപ്‌ഡേറ്റ്. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, ഉപയോക്താക്കൾക്ക് വാച്ചിലൂടെ തന്നെ ചാറ്റുകള്‍ കാണാനും, മറുപടി നൽകാനും, ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാനും, മീഡിയ ഫയലുകൾ പരിശോധിക്കാനും സാധിക്കും.
സവിശേഷതകൾ എന്തൊക്കെ?
- വാച്ചിലൂടെ ഓഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് അയക്കാനുള്ള സൗകര്യം.
- മീഡിയ ഫയലുകൾ വാച്ച് സ്ക്രീനിൽ നേരിട്ട് കാണാൻ സാധിക്കും.
- ചാറ്റുകള്‍ സ്‌ക്രോൾ ചെയ്യാനും വായിക്കാനും സാധിക്കും.
- ഇമോജികള്‍ ഉപയോഗിച്ച് റിയാക്ട് ചെയ്യാം
Also Read: Overpriced Smartphones: പേര് മാത്രം, വമ്പൻ വില; സ്മാർട്ട് ഫോൺ വിപണിയിലെ അമിത വിലക്കാർ
പരിമിതി
ആൻഡ്രോയിഡ് സ്മാർട്ട് വാച്ചുകളിലെ ‘Wear OS’ വാട്‌സാപ്പ് വെര്‍ഷന്‍ ഫോൺ ഇല്ലാതെ തന്നെ ഉപയോഗിക്കാം. എന്നാല്‍ ആപ്പിളില്‍ ഇത് ‘സ്റ്റാന്‍ഡ് എലോണ്‍’ ആയി പ്രവര്‍ത്തിക്കുന്നില്ല. അതായത് ഐഫോണ്‍ കണക്ട് ചെയ്യാതെ ഇത് ഉപയോഗിക്കാനാകില്ല. പുതിയ സേവനം എന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നും വ്യക്തമല്ല.