OPT Program: ഒപിടി പ്രോഗ്രാം അവസാനിപ്പിച്ചേക്കും; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍
OPT Program Ending USA: ഒപിടി പ്രോഗ്രാം അവസാനിപ്പിക്കുന്നതോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ ചെയ്യുന്നത് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ ശില്‍പികളില്‍ പ്രധാനി കൂടിയായ മില്ലര്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: എച്ച്-1ബി വിസ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ വിദേശ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒപിടി) പദ്ധതി യുഎസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഫ്-1 വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനമേഖലയുമായി ബന്ധപ്പെട്ട് താത്കാലിക ജോലിയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നതാണ് ഒപിടി പ്രോഗ്രാം. എന്നാല്‍ ഈ പദ്ധതി അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പും ശേഷവും 12 മാസം വരെ കാലയളവുള്ള ഒപിടി അംഗീകാരത്തിനായി നിലവില്‍ അപേക്ഷിക്കാവുന്നതാണ്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഭാഗത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 24 മാസത്തെ ഒപിടി പ്രോഗ്രാമുകള്‍ക്ക് പഠനത്തിന് ശേഷവും അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.
ഈ പ്രാക്ടിക്കല്‍ പരിശീലന പരിപാടി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ എച്ച്-1ബി വിസ നേടുന്നതിന് സഹായിച്ചിരുന്നു. എഫ്-1 വിസയില്‍ നിന്ന് എച്ച്-1ബി വിസ നേടാനും യുഎസ് കമ്പനിയില്‍ ജോലി നേടാനും സഹായിച്ചിരുന്ന ഒപിടി പ്രോഗ്രാം അവസാനിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും.
എന്നാല്‍ ഒപിടി പ്രോഗ്രാം അവസാനിപ്പിക്കുന്നതോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ ചെയ്യുന്നത് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ ശില്‍പികളില്‍ പ്രധാനി കൂടിയായ മില്ലര്‍ പറഞ്ഞു. ഒപിടി പ്രോഗ്രാം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യുഎസിലെ വിവിധ ഉദ്യോഗസ്ഥരും മുന്നോട്ടുവെച്ചിട്ടുണ്ട്.
Also Read: H1 B Visa: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്
ഇത്തരം പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ നിയമം കര്‍ശനമാക്കുകയോ ചെയ്യണമെന്ന് സെന്ററിലെ പോളിസി സ്റ്റഡീസ് ഡയറക്ടര്‍ ജെസീക്ക വോണ്‍ പറഞ്ഞു. ഇതിന് പുറമെ ഒപിടി പ്രോഗ്രാം വഴി ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താന്‍ യുഎസ് നിയമനിര്‍മ്മാതാക്കളും ആവശ്യപ്പെടുന്നുണ്ട്.