H1B Visa: ഇന്ത്യക്കാരെ വരവേറ്റ് ഗള്‍ഫ്; എന്തുകൊണ്ട് മികച്ച ഓപ്ഷനാകുന്നു
Gulf Job Market for Indians: ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും യുഎസിനെ ആശ്രയിക്കുന്നത്. യുഎസ് ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ വിശാലമായ വാതിലുകള്‍ തുറന്ന് കാത്തിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് എച്ച്1ബി വിസകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു. എന്നാല്‍ അതിന് പകരം എച്ച്1ബി വിസ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. എച്ച്1ബി വിസയ്ക്കായി 1 ലക്ഷം ഡോളറാണ് ഇനി മുതല്‍ ഫീസ് നല്‍കേണ്ടത്. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വിദഗ്ധരായ ജീവനക്കാരെ മാത്രം യുഎസിലേക്ക് കൊണ്ടുവരുന്നതിനും ഈ നടപടി സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും യുഎസിനെ ആശ്രയിക്കുന്നത്. യുഎസ് ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ വിശാലമായ വാതിലുകള്‍ തുറന്ന് കാത്തിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
പരവതാനി വിരിക്കുന്ന ഗള്‍ഫ്
യുഎസിന്റെ ഏത് നടപടിയും നിലവില്‍ ഇന്ത്യയ്ക്ക് അത്ര ആഘാതം ഉണ്ടാക്കുന്നില്ല. വിസ നിയമങ്ങളില്‍ രാജ്യം മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കായി വാതിലുകള്‍ തുറക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ എണ്ണയ്ക്കപ്പുറം വൈവിധ്യങ്ങള്‍ തേടി മുന്നോട്ട് കുതിക്കുകയാണ്. ഇവിടേക്കുള്ള പ്രവാസികളുടെ ഒഴുക്ക് അവര്‍ക്കൊരിക്കലും ബുദ്ധിമുട്ടാകുന്നില്ല.




വിസ, താമസ ആനുകൂല്യങ്ങള്‍
യുഎസില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫിലേക്കുള്ള വിസകള്‍ ചെലവ് കുറഞ്ഞതാണ്.
- യുഎഇ ഗോള്‍ഡന്‍ വിസ- പ്രതിമാസം 30,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് അല്ലെങ്കില്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും 10 വര്‍ഷത്തെ റെസിഡന്‍സി ആനുകൂല്യം ലഭിക്കും. സ്‌പോണ്‍സറുടെ ആവശ്യമില്ല.
- ഗ്രീന്‍ വിസ- ബിരുദവും 15,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളവുമുള്ള തൊഴിലാളികള്‍ക്ക് 5 വര്‍ഷത്തെ പെര്‍മിറ്റ്. തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല.
- സൗദി അറേബ്യ- വിഷന്‍ 2030 ന്റെ ഭാഗമായി സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ടയേര്‍ഡ് റെസിഡന്‍സികളും ദീര്‍ഘകാല പെര്‍മിറ്റുകളും നല്‍കുന്നു.
- ഖത്തര്‍- നിക്ഷേപകര്‍, സംരംഭകര്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവര്‍ക്കായി റെസിഡന്‍സി സൗകര്യങ്ങള്‍ ലഭ്യമാക്കും.
നികുതികള്‍
ഇവിടെ പൂജ്യം വ്യക്തിഗത ആദായ നികുതിയാണ്. ശമ്പളക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗം സമ്പാദിക്കാനാകും. ഗള്‍ഫ് രാജ്യങ്ങളില്‍ സമ്പാദ്യ നിരക്ക് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഭവന അലവന്‍സുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ഫീസ്, വാര്‍ഷിക വിമാന ടിക്കറ്റുകള്‍ എന്നിവയും തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്നു.
Also Read: Bahrain Visa: ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ വിസ വെറും 1,168 രൂപയ്ക്ക്; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
സുരക്ഷ
അടിസ്ഥാന സൗകര്യങ്ങള്‍, വിനോദം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള കാര്യത്തില്‍ ദുബായ്, അബുദബി, ദോഹ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. കുറ്റകൃത്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. ഇന്ത്യക്കാര്‍ക്ക് ക്ഷേത്രം, ക്രിക്കറ്റ് ഗ്രൗണ്ട്, ഇന്ത്യന്‍ സ്‌കൂളുകള്‍, സാംസ്‌കാരിക ഉത്സവങ്ങള്‍, ഇന്ത്യന്‍ സിനിമകള്‍ എന്നിവയും ഗള്‍ഫില്‍ യഥേഷ്ടം അനുഭവിക്കാം.
എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗള്‍ഫ് തിരഞ്ഞെടുക്കുന്നു?
- ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെറിയ യാത്രയുടെ ആവശ്യമേ ഉള്ളൂ. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
- പെട്ടെന്നുള്ള നാടുകടത്തലോ, വിസ പ്രശ്‌നങ്ങളോ അലട്ടില്ല.
- ശമ്പളം കുറവാണെങ്കില്‍ പോലും നികുതിയില്ലാത്തത് സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സഹായിക്കും.