Germany Strike: യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയവര്‍ പെട്ടു; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍; ജര്‍മ്മനിയില്‍ സംഭവിച്ചത്
Germany Airport Strike: ഞായറാഴ്ച ഹാംബർഗ് വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി തുടങ്ങിയ സമരം പിന്നീട് രാജ്യവ്യാപകമായി വ്യാപിക്കുകയായിരുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തി. സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെ യാത്രക്കാരോട് എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു

ജര്‍മ്മനിയില്‍ യാത്രക്കാരെ വലച്ച് വിമാനത്താവള ജീവനക്കാരുടെ പണിമുടക്ക്. ശമ്പളവുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് മൂലം നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ട്രേഡ് യൂണിയൻ വെർഡിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഹാംബർഗ് വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി തുടങ്ങിയ സമരം പിന്നീട് രാജ്യവ്യാപകമായി വ്യാപിക്കുകയായിരുന്നു. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തി. സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ യാത്രക്കാരോട് എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു.
പൊതുമേഖല, ഗതാഗതം എന്നീ മേഖലകളിലെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനാണ് വെര്‍ഡി. വേതനം, തൊഴില്‍ സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വെര്‍ഡി പ്രതിഷേധമുയര്‍ത്തുന്നത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കുമെന്നും, ഇത് 500,000-ത്തിലധികം യാത്രക്കാരെ ബാധിക്കുമെന്നും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയെന്ന് ഫ്രാങ്ക്ഫർട്ട് പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു. ഫ്ലൈറ്റ് ഷെഡ്യൂൾ കുറച്ചെന്ന് മ്യൂണിക്ക് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യൂറോവിംഗ്‌സ്, ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് എയർ എന്നിവയുടെ വിമാന സർവീസുകളെയും പണിമുടക്ക് ബാധിച്ചു.




തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന 143 വിമാന സർവീസുകളും റദ്ദാക്കിയതായി ഹാംബർഗ് വിമാനത്താവളത്തിന്റെ വക്താവ് കട്ജ ബ്രോം പറഞ്ഞു. മുൻകൂർ അറിയിപ്പില്ലാതെ പണിമുടക്ക് പ്രഖ്യാപിച്ചതില്‍ വെര്‍ഡിയെ കട്ജ ബ്രോം വിമര്‍ശിച്ചു. ഞായറാഴ്ചത്തെ സമരം പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചെന്നും അവര്‍ വ്യക്തമാക്കി.
പലരെയും ബാധിക്കുമെങ്കിലും, മികച്ച ശമ്പളം ലഭിക്കുന്നതിന് പണിമുടക്ക് അനിവാര്യമാണെന്ന് വെർഡിയുടെ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ തങ്ങളും അസ്വസ്ഥരാണെന്നും, എന്നാല്‍ തൊഴിലുടമകളാണ് പണിമുടക്കിന് കാരണമായതെന്നും യൂണിയന്റെ ഹാംബർഗ് പ്രതിനിധിയായ ലാർസ് സ്റ്റബ്ബെ ബിബിസിയോട് പ്രതികരിച്ചു.
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ 1,770 ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. മ്യൂണിക്കിലെ 820 വിമാനങ്ങളിൽ ഭൂരിഭാഗവും റദ്ദാക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റുട്ട്ഗാർട്ട്, ഡസ്സൽഡോർഫ്, കൊളോൺ, ബെർലിൻ എന്നിവിടങ്ങളിലും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു.
എല്ലാ തൊഴിലാളികൾക്കും 8% ശമ്പള വര്‍ധനവ്, അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 350 യൂറോ അധിക ശമ്പളം, മൂന്ന് അധിക അവധി ദിവസങ്ങൾ, യൂണിയൻ അംഗങ്ങൾക്ക് ഒരു അധിക ദിവസം എന്നിവയാണ് യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.