AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ayatollah Ali Khamenei : അടിച്ചാല്‍ തിരിച്ചടിക്കും കട്ടായം ! ഡൊണാള്‍ഡ്‌ ട്രംപിന് ഖമേനിയുടെ മുന്നറിയിപ്പ്‌

Ayatollah Ali Khamenei against US : ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ്‌ ട്രംപ് ഒപ്പുവച്ചതാണ് ഖമേനിയെ ചൊടിപ്പിച്ചത്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നാണ് ഇറാന്റെ വാദം. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും ഇറാന്‍

Ayatollah Ali Khamenei : അടിച്ചാല്‍ തിരിച്ചടിക്കും കട്ടായം ! ഡൊണാള്‍ഡ്‌ ട്രംപിന് ഖമേനിയുടെ മുന്നറിയിപ്പ്‌
Ayatollah Ali KhameneiImage Credit source: PTI
jayadevan-am
Jayadevan AM | Published: 08 Feb 2025 07:33 AM

ടെഹ്‌റാൻ: അമേരിക്ക ഭീഷണിപ്പെടുത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്‌താൽ ഇറാന്‍ ഒരു മടിയും കാണിക്കാതെ തിരിച്ചടിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. യുഎസ് തങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നുവെന്നും, അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നുവെന്നും, ഭീഷണിപ്പെടുത്തുന്നുവെന്നും ഖമേനി ആരോപിച്ചു. 1979-ലെ ഇറാന്റെ വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് സൈനിക കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖമേനി ഇക്കാര്യം പറഞ്ഞതെന്ന്‌ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

“അവർ നമ്മളെ ഭീഷണിപ്പെടുത്തിയാൽ, നമ്മൾ അവരെ ഭീഷണിപ്പെടുത്തും. അവർ ഭീഷണി നടപ്പിലാക്കിയാൽ നമ്മളും നടപ്പിലാക്കും. അവർ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ആക്രമിച്ചാൽ, നമ്മൾ ഒരു മടിയും കൂടാതെ അവരുടെ സുരക്ഷയെയും ആക്രമിക്കും”-ഖമേനി പറഞ്ഞു.

ട്രംപിന്റെ മുൻ ഭരണകൂടം വാഗ്ദാനങ്ങൾ പാലില്ലെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുമായി ചർച്ച നടത്തുന്നത് ബുദ്ധിപരമോ, മാന്യമോ അല്ല. അല്ല. അത് ഒരു പ്രശ്‌നവും പരിഹരിക്കില്ല. അനുഭവമാണ് അതിന്റെ കാരണം. 2015 ലെ ആണവ കരാർ അമേരിക്ക മുമ്പ് നശിപ്പിച്ചിരുന്നെന്നും, ഇപ്പോൾ അധികാരത്തിലിരിക്കുന്ന അതേ വ്യക്തിയാണ് ഉടമ്പടി കീറിയതെന്നും ട്രംപിനെ ഉന്നമിട്ട് ഖമേനി വിമര്‍ശിച്ചു.

ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതാണ് ഖമേനിയെ ചൊടിപ്പിച്ചത്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നാണ് ഇറാന്റെ വാദം. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും ഇറാന്‍ വാദിക്കുന്നു.

Read Also : അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്; ഉത്തരവിൽ ഇന്ന് ഒപ്പുവച്ചേക്കും

ഉപരോധത്തിന് പിന്നാലെ, ചൈനയിലേക്ക് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഇറാനിയൻ ക്രൂഡ് ഓയില്‍ കയറ്റി അയച്ചതായി ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ യുഎസ് വ്യാഴാഴ്ച സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഉപരോധം നീതികരിക്കാനാകില്ലെന്നും, രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇറാന്‍ ആഞ്ഞടിച്ചു. അമേരിക്കയുമായി ചർച്ച നടത്തി ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഖമേനി പറഞ്ഞിരുന്നു.

പുതിയൊരു ആണവ ചർച്ചകൾ ആഗ്രഹിക്കുന്നുവെങ്കിൽ, ട്രംപ് ഭരണകൂടം ഇറാന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ്‌ അരഗ്ചി അടുത്തിടെ പറഞ്ഞത്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളോട് ട്രംപ് യാഥാർത്ഥ്യബോധമുള്ള സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇറാന്‍ പറഞ്ഞു.

ഉപരോധങ്ങള്‍ ഇറാനെ വലയ്ക്കുകയാണ്. ഉയർന്ന പണപ്പെരുപ്പവും കറൻസിയുടെ തകർച്ചയും കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇറാനികള്‍ പാടുപെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യയിലെ മിക്കവാറും വിഭാഗങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ട് ഖമേനി തുറന്നുസമ്മതിച്ചു. എന്നാല്‍ തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും ഖമേനി പറഞ്ഞു.