Donald Trump: സ്വയം ‘മാര്‍പാപ്പ’യാക്കി ഡൊണാള്‍ഡ് ട്രംപ്, വ്യാപക വിമര്‍ശനം; പ്രതികരിച്ച് വൈറ്റ് ഹൗസ്
Donald Trump criticized: ട്രംപിന്റെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി തയ്യാറായില്ല. വിമര്‍ശനങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ഇറ്റലിയിലേക്ക് പോയിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

ഡൊണാള്‍ഡ് ട്രംപ് പങ്കുവച്ച ചിത്രം
പുതിയ മാര്‍പാപ്പ ആരായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വിശ്വാസസമൂഹം. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭഘട്ടത്തിലാണ്. അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘മാര്‍പാപ്പ’യാക്കിയുള്ള ഒരു എഐ ചിത്രം പ്രത്യക്ഷപ്പെട്ടു. മറ്റാരുമല്ല, ട്രംപ് തന്നെയാണ് ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ ചിത്രം പങ്കുവച്ചത്. ട്രംപിന്റെ ഈ പ്രവൃത്തിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി മാറ്റിയോ റെൻസിയടക്കം ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഈ ചിത്രം വലതുപക്ഷ ലോകത്തിന്റെ നേതാവ് കോമാളിത്തരങ്ങൾ ആസ്വദിക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ട്രംപിന്റെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി തയ്യാറായില്ല. ഒടുവില്‍ വിമര്‍ശനങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ഇറ്റലിയിലേക്ക് പോയിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാര്‍ത്താ ഏജന്‍സിയായ എപിയോട് പ്രതികരിച്ചു.
കത്തോലിക്കർക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നയാളാണ് ട്രംപ് എന്നും കരോലിൻ ലീവിറ്റ് പറഞ്ഞു. ന്യൂയോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് ട്രംപ് പരിഹാസപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചു.ഇത് തമാശയായി കാണാനാകില്ലെന്നും, പരിഹസിക്കരുതെന്നും ന്യൂയോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് വ്യക്തമാക്കി.