Donald Trump: ചൈനയ്ക്കും 100% തീരുവ; ഷി ജിന്‍പിങുമായി ഇനി ചര്‍ച്ചകളില്ലെന്ന് ട്രംപ്
Trump Xi Jinping Meeting: ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്കുള്ള പ്രതികാര നടപടിയായി നവംബര്‍ 1 മുതല്‍ രാജ്യത്തിന് മേല്‍ അധിക നികുതി ബാധകമായിരിക്കും. നിര്‍ണമായ സോഫ്റ്റ്‌വെയറുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍: ചൈനയ്ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച തീരുമാനമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്കുള്ള പ്രതികാര നടപടിയായി നവംബര്‍ 1 മുതല്‍ രാജ്യത്തിന് മേല്‍ അധിക നികുതി ബാധകമായിരിക്കും. നിര്‍ണായകമായ സോഫ്റ്റ്‌വെയറുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ അവരത് ചെയ്തിരിക്കുന്നു, ഇനി നടക്കാന്‍ പോകുന്നത് ചരിത്രമാണെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.




ഈ വര്‍ഷം ഏപ്രിലില്‍ ഏഴ് അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതിന് പുറമെ ഇപ്പോള്‍ അഞ്ച് ലോഹങ്ങളില്‍ കൂടി നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. ഹോള്‍മിയം, എര്‍ബിയം, തൂലിയം, യൂറോപ്പിയം, യെറ്റര്‍ബിയം എന്നീ ലോഹങ്ങള്‍ക്കാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
സമരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാര്‍ഡിയം, യട്രിയം എന്നീ ലോഹങ്ങളുടെ കയറ്റുമതിയാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിയന്ത്രിച്ചത്. രാജ്യത്ത് 17 അപൂര്‍വ ഭൗമ ലോഹങ്ങളാണുള്ളത്. ഇവയില്‍ 12 എണ്ണത്തിനും ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നു. ഇതിന് പറമെ അപൂര്‍വ ലോഹങ്ങള്‍ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ നിയന്ത്രണങ്ങളെല്ലാം തന്നെ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
അതേസമയം, ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആരംഭിച്ചതോടെ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആന്‍ഡ് പി 500 2.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ട്രംപും ജിന്‍പിങും ഈ മാസം അവസാനമാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെയാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.