Donald Trump-China: ചൈനയെ ദ്രോഹിക്കാനല്ല, സഹായിക്കാനാണ് യുഎസിന് താത്പര്യം; മലക്കംമറിഞ്ഞ് ട്രംപ്
US-China Trade War and Trump's Latest Statement: ചൈനയുടെ കാര്യത്തില്‍ വിഷമം വേണ്ട, എല്ലാം ശരിയാകും. ബഹുമാന്യനായ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് മോശം സമയമാണ്. അദ്ദേഹം ഒരിക്കലും തന്റെ രാജ്യത്തിന് ദോഷമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല.
വാഷിങ്ടണ്‍: ചൈനയും യുഎസും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ വാക്കുകളിലും നിലപാടിലും മയം വരുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ആരംഭിച്ചു. ചൈനയെ ദ്രോഹിക്കുന്നതിന് പകരം അവരെ സഹായിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. കയറ്റുമതിയ്ക്ക് മേല്‍ പ്രഖ്യാപിച്ച താരിഫുകള്‍ ഇരുസാമ്പത്തിക ശക്തികളും തമ്മിലുള്ള വ്യാപാര പോരാട്ടം ആളിക്കത്തിച്ചിരുന്നു, ഇതിനിടെയാണ് ട്രംപിന്റെ പുതിയ വാദം.
ചൈനയുടെ കാര്യത്തില്‍ വിഷമം വേണ്ട, എല്ലാം ശരിയാകും. ബഹുമാന്യനായ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് മോശം സമയമാണ്. അദ്ദേഹം ഒരിക്കലും തന്റെ രാജ്യത്തിന് ദോഷമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. ഞാനും അതിന് ആഗ്രഹിക്കുന്നില്ല, യുഎസ് ചൈനയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, വേദിനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.
ട്രംപ് പോസ്റ്റ് പങ്കുവെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ചൈനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. യുക്തിയുടെ പാത തിരഞ്ഞെടുക്കണമെന്നും വ്യാപാര തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്നും ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു വാന്‍സിന്റെ പ്രസ്താവന.




സമ്പൂര്‍ണ വ്യാപാര സംഘര്‍ഷം ഒഴിവാക്കുന്നതിന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ട്. ഒരിക്കലും തങ്ങള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മടിക്കില്ലെന്നും ഫോക്‌സ് ന്യൂസിനോട് സംസാരിക്കവേ വാന്‍സ് പറഞ്ഞു. ചൈന പ്രതികാര നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എന്നിരുന്നാലും ചൈനക്കാര്‍ യുക്തിപൂര്‍വം പെരുമാറുകയാണെങ്കില്‍ യുഎസും അത്തരത്തില്‍ തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ചൈന തങ്ങളുടെ അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതോടെ അമേരിക്കയിലേക്കുള്ള ചൈനയുടെ എല്ലാ കയറ്റുമതികള്‍ക്കും 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. നിലവിലുള്ള താരിഫുകള്‍ക്ക് പുറമെയാണിത്. നവംബര്‍ 1 മുതലോ അല്ലെങ്കില്‍ അതിന് മുമ്പോ താരിഫ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് പറഞ്ഞത്.
Also Read: Donald Trump: ചൈനയ്ക്കും 100% തീരുവ; ഷി ജിന്‍പിങുമായി ഇനി ചര്‍ച്ചകളില്ലെന്ന് ട്രംപ്
ഇതിനെതിരെ ചൈന പ്രതികരിച്ചു. ട്രംപിന്റെ ഇരട്ടത്താപ്പ് എന്നാണ് ഈ നടപടിയെ ചൈന വിശേഷിപ്പിച്ചത്. തങ്ങള്‍ക്ക് ഭയമില്ലെന്നും ചൈന വ്യക്തമാക്കി. അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യുഎസ് ചൈനയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞെങ്കിലും, ചൈന ഈ ആവശ്യം നിരസിച്ചതായാണ് വിവരം.