Dubai: യാത്രാ ദൈർഘ്യം കുറയ്ക്കാൻ മണ്ണിനടിയിലൂടെയുള്ള ട്രെയിൻ; അൽ മഖ്തൂം എയർപോർട്ടിൽ പുതിയ സൗകര്യമെത്തുന്നു
Underground Trains Dubai Airport: ഭൂഗർഭ ട്രെയിൻ സൗകര്യവുമായി ദുബായ് അൽ മഖ്തൂം വിമാനത്താവളം. യാത്രാദൈർഘ്യം കുറയ്ക്കാനായാണ് തീരുമാനം.

അൽ മക്തൂം എയർപോർട്ട്
യാത്രാ ദൈർഘ്യം കുറയ്ക്കാൻ ഭൂഗർഭ ട്രെയിൻ സൗകര്യവുമായി ദുബായ് അൽ മഖ്തൂം വിമാനത്താവളം. വിമാനത്താവളത്തിൽ യാത്രക്കാർ നടന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഭൂഗർഭ ട്രെയിൻ സൗകര്യം അവതരിപ്പിക്കുന്നത്. ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സ് ഏപ്രിൽ 30നാണ് ഇക്കാര്യം അറിയിച്ചത്. അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ഒരു സെഷനിൽ വച്ചായിരുന്നു വെളിപ്പെടുത്തൽ.
“യാത്രാദൈർഘ്യം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്. യാത്രക്കാർക്ക് 20 മിനിട്ടിനുള്ളിൽ വിമാനത്താവളത്തിലേക്കും തിരിച്ചും എത്താൻ ഇത് സഹായിക്കും. പല ഡിസൈനുകളും ദുബായ് എയർപോർട്ടിൻ്റെ പരിഗണനയിലുണ്ട്. 15 മുതൽ 20 മിനിട്ട് വരെ യാത്രാസമയം വരുന്ന തരത്തിലുള്ള ഡിസൈനുകൾ തിരഞ്ഞെടുക്കാമെന്നാണ് തീരുമാനം.”- അദ്ദേഹം പറഞ്ഞു. യാത്രാനുഭവം മികച്ചതാക്കാൻ വിമാനത്താവളത്തിനുള്ളിൽ എട്ട് ചെറിയ വിമാനത്താവളങ്ങൾ പണികഴിപ്പിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞു.
“ലോഞ്ചിൽ നിങ്ങൾ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോകേണ്ട വിമാനം കാണാൻ പറ്റും. ഏത് വിമാനത്തിലാണോ നിങ്ങൾക്ക് പോകേണ്ടത്, ആ വിമാനം ലോഞ്ചിലെ ബബിൾ ഗ്ലാസിൽ കാണിക്കാമെന്നായിരുന്നു ചിന്ത. അങ്ങനെ വരുമ്പോൾ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാം. അതിനനുസരിച്ച് തയ്യാറാവാനും കഴിയും. യാത്രക്കാർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനത്താവളത്തിൽ സഞ്ചരിക്കുന്നതിന് എഐയുടെ സഹായവും സ്വീകരിക്കും.”- അദ്ദേഹം വിശദീകരിച്ചു.