Philippines Earthquake: ഫിലിപ്പീൻസിൽ 7.6 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
Earthquake In Philippines Mindanao: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ 74 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Earthquake In Philippines
മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ മേഖലയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. 62 കിലോമീറ്റർ (38.53 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സമീപ തീരപ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് (വെള്ളിയാഴ്ച്ച) പുലർച്ചയോടെയാണ് സംഭവം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. അപകടകരമായ നിലയിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ നാശനഷ്ടങ്ങളൊന്നും സംഭവച്ചതായി റിപ്പോർട്ടുകൾ വന്നിട്ടില്ല. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ സുനാമി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ 74 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്തയാനിലെ സെന്റ് പീറ്റർ ദി അപ്പോസ്തലന്റെ പള്ളിയും നിലംപതിച്ചിരുന്നു.