Eid Al Adha 2025 Flight Offers: ബലി പെരുന്നാൾ അവധി; യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി വിമാനക്കമ്പനികൾ
UAE Airlines offer: പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി വിമാനക്കമ്പനികൾ. എമിറേറ്റ്സ്, വിസ് എയർ അബുദാബി, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് യാത്രക്കാർക്ക് ഓഫറുകൾ പ്രഖ്യാപിച്ച് യുഎഇയിലെ വിമാനക്കമ്പനികൾ. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം ആണ് ഇത്. എമിറേറ്റ്സ്, വിസ് എയർ അബുദാബി, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.
എമിറേറ്റ്സ് എയർലൈൻസ്
ഫ്ലൈ നൗ പേയ് ഡൗൺ ദ ലൈൻ എന്ന ഓഫറാണ് എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത യുഎഇ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പലിശ രഹിതമായി മൂന്ന് മാസ തവണകളായി ടിക്കറ്റിന്റെ പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിസ് എയർ
വിസ് എയർ വിമാനങ്ങളിൽ അൽമാറ്റിയിലേക്ക് 500 ദിർഹം മുതൽ 1,000 ദിർഹം വരെയാണ് ടിക്കറ്റ്. പത്ത് പേർ അടങ്ങുന്ന ഗ്രൂപ്പിന് 750 ദിർഹം നിരക്കിലും ടിക്കറ്റ് ലഭ്യമാകും.
എയർ അറേബ്യ
എയർ അറേബ്യ ഇന്ത്യ, അർമേനിയ, ഈജിപ്ത്, ഒമാൻ, ലെബനൻ, സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ രണ്ടിനകം ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ 129 ദിർഹം മുതൽ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. ബഹ്‌റൈനിലേക്ക് 149 ദിർഹം, കുവൈത്തിലേക്ക് 149 ദിർഹം, ഒമാനിലേക്ക് 129 ദിർഹവുമാണ് നിരക്ക്.
ഫ്ലൈദുബൈ
ഫ്ലൈദുബൈ 965 ദിർഹം മുതൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാക്കുന്നു. അലക്സാണ്ട്രിയയിലേക്ക് 1,295 ദിർഹം, അന്റാലിയയിലേക്ക് 1,615 ദിർഹം, ബെൽഗ്രേഡിലേക്ക് 1,555 ദിർഹം, യെറിവനിലേക്ക് 1,095 ദിർഹം, സമർകണ്ടിലേക്ക് 1,075 ദിർഹം, ബുക്കാറെസ്റ്റിലേക്ക് 1,465 ദിർഹം എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ.
സൗദിയ
മെയ് 25 നും മെയ് 28 നും ഇടയിൽ ബുക്ക് ചെയ്യുന്നവർക്ക് ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയിൽ യാത്ര ചെയ്യാം. സൗദിയിൽ നിന്നും ദുബായ്, അബുദാബി, ദോഹ, സലാല, മനാമ, കുവൈറ്റ് സിറ്റി, അമ്മാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് ഈ ഓഫർ. ‘BUY1Get1’ എന്ന കോഡ് ഉപയോഗിച്ച് ഓഫർ നേടാവുന്നതാണ്.