Eid Al Adha 2025: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബലിപെരുന്നാൾ അവധി കുറയില്ല; പ്രഖ്യാപനവുമായി യുഎഇ
Eid Al Adha Leave In UAE: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് അധികൃതർ. പൊതു മേഖലാ ജീവനക്കാർക്ക് നൽകിയതുപോലെ നാല് ദിവസത്തെ അവധിയാണ് സ്വകാര്യമേഖല ജീവനക്കാർക്കും ലഭിക്കുക.

പ്രതീകാത്മക ചിത്രം
സർക്കാർ ജീവനക്കാർക്ക് പിന്നാലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ മന്ത്രാലയം. സ്വകാര്യജീവനക്കാർക്കും ദുൽ ഹജ്ജ് 9 മുതലാവും ബലിപെരുന്നാൾ അവധി. ഇക്കാര്യം ഈ മാസം 29ന് അധികൃതർ അറിയിച്ചു.
ദുൽ ഹജ്ജ് 9, അതായത് ജൂൺ അഞ്ച്, വ്യാഴാഴ്ച മുതൽ ദുൽ ഹജ്ജ് 12, അതായത് ജൂൺ എട്ട്, ഞായറാഴ്ച വരെയാവും അവധി. സർക്കാർ ജീവനക്കാർക്കും ബലിപെരുന്നാൾ അവധി ഇങ്ങനെയാണ്. ആകെ അവധി നാല് ദിവസം. ജൂൺ 9, തിങ്കളാഴ്ച മുതൽ ഓഫീസുകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങും. ദുൽ ഹജ്ജ് 10, അതായത് ജൂൺ ആറ്, വെള്ളിയാഴ്ചയാണ് അറബ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ജൂൺ അഞ്ചിനാണ് അറഫാദിനം.
മെയ് 27ന് ചാന്ദ്രദർശന കമ്മറ്റി ദുൽ ഹജ്ജ് നിലാവ് കാണാൻ ഒരുമിച്ചിരുന്നു. രാജ്യത്തെ പൗരന്മാരോട് നിലാവ് കാണാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ യുഎഇയുടെ ആകാശത്ത് അന്ന് വൈകുന്നേരം നിലാവ് കാണ്ടു. അതുകൊണ്ട് തന്നെ ദുൽഖഅദ് മാസം 29 പൂർത്തിയാക്കി. മെയ് 29ന് ദുൽ ഹജ്ജ് മാസം ആരംഭിച്ചു. 27 ന് നിലാവ് കണ്ടില്ലായിരുന്നു എങ്കിൽ ദുൽ ഖഅദ് മാസം 30 പൂർത്തിയാക്കി മെയ് 30ന് ദുൽ ഹജ്ജ് മാസം ആരംഭിച്ചേനെ.
ബലിപെരുന്നാൾ ആത്മസമർപ്പണത്തിൻ്റെ ദിനമായാണ് ഇസ്ലാം മതവിശ്വാസികൾ കണക്കാക്കുന്നത്. പ്രവാചകനായ ഇബ്രാഹിം തൻ്റെ മകൻ ഇസ്മയിലിനെ ദൈവത്തിൻ്റെ കല്പന പ്രകാരം ബലിയർപ്പിക്കാൻ ശ്രമിച്ചതിൻ്റെ ഓർമ്മപുതുക്കലാണ് ഇത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകനെ താൻ പറഞ്ഞതിനെതുടർന്ന് ബലി നൽകാൻ തയ്യാറായ ഇബ്രാഹിമിൽ ദൈവം പ്രീതിപ്പെടുകയായിരുന്നു. ഇതിൻ്റെ ഓർമ്മയാണ് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെ ഈ പ്രവൃത്തിയുടെ പ്രതീകമായി മുസ്ലിങ്ങൾ ബലിപെരുന്നാൾ ദിവസം ദൈവപ്രീതിയ്ക്കായി മൃഗങ്ങളെ ബലിനടത്താറുണ്ട്.