Pakistan Football: ജപ്പാനില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയത് ‘വ്യാജ’ ടീം; പാകിസ്ഥാന് നാണക്കേട്
Fake Pakistan Football Team Land In Japan: പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ വ്യാജ രജിസ്ട്രേഷനുകളും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള വ്യാജ പേപ്പറുകളും ഉൾപ്പെടെയുള്ള വ്യാജ രേഖകൾ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്

Image for representation purpose only
പാകിസ്ഥാന്റെ പേരില്‍ ജപ്പാനില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയത് വ്യാജ ടീമെന്ന് റിപ്പോര്‍ട്ട്. കയ്യോടെ പിടികൂടിയ ജാപ്പനീസ് അധികൃതര്‍ ഇവരെ നാടുകടത്തി. ഫുട്‌ബോളിന്റെ മറവില്‍ മനുഷ്യക്കടത്തിനുള്ള ശ്രമം നടന്നുവെന്നാണ് ജാപ്പനീസ് അധികൃതര്‍ സംശയിക്കുന്നത്. സിയാല്‍കോട്ട് ടീമിലെ താരങ്ങളെന്ന് അവകാശപ്പെട്ട ഇവര്‍ രേഖകളില്‍ അടക്കം കൃത്രിമം നടത്തിയാണ് പാകിസ്ഥാനിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ മാലിക് വഖാസ് എന്നയാള്‍ ‘ഗോൾഡൻ ഫുട്ബോൾ ട്രയൽ’ എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) വ്യക്തമാക്കി.
വഖാസ് ഓരോരുത്തരിൽ നിന്നും 4 മില്യൺ രൂപ കൈപ്പറ്റി നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയയ്ക്കുകയായിരുന്നുവെന്ന് പാക് വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിയാൽകോട്ട് വിമാനത്താവളത്തിൽ നിന്ന് ഫുട്ബോൾ ടീമിന്റെ വേഷം ധരിച്ച 22 പേർ ജപ്പാനിലേക്ക് പുറപ്പെടുകയായിരുന്നുവെന്നാണ് പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റിപ്പോര്‍ട്ട്.
Also Read: Asia Cup 2025: ചോദ്യങ്ങള്‍ നേരിടാന്‍ വയ്യ, വാര്‍ത്താ സമ്മേളനം ഒഴിവാക്കി പാക് ടീം
രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ജാപ്പനീസ് അധികൃതര്‍ ഇവരെ നാടുകടത്തി. പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ പോലെ പെരുമാറാന്‍ ഇവര്‍ക്ക് പരിശീലനം വരെ ലഭിച്ചിരുന്നു. പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ വ്യാജ രജിസ്ട്രേഷനുകളും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള വ്യാജ പേപ്പറുകളും ഉൾപ്പെടെയുള്ള വ്യാജ രേഖകൾ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. എഫ്‌ഐഎ വഖാസിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2024 ജനുവരിയിൽ ഇതേ രീതിയില്‍ 17 പേരെ ജപ്പാനിലേക്ക് അയച്ചതായി ഇയാള്‍ സമ്മതിച്ചു.