H-1B Visa: ഇന്ത്യയ്ക്ക് വെറും ഞെട്ടല്‍; എച്ച് 1 ബി വിസ യുഎസിന് തന്നെ പാരയാകും
H-1B Impact on US Economy: ട്രംപിന്റെ തൊഴില്‍ തേടിയെത്തുന്ന മറ്റ് രാജ്യങ്ങളില്‍ ഉള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ യുഎസ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: തൊഴിലാളികള്‍ക്കുള്ള എച്ച് 1ബി വിസകള്‍ക്ക് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫീസ് വര്‍ധിപ്പിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഒരു ലക്ഷം ഡോളറാണ് എച്ച് 1ബി വിസ ലഭിക്കുന്നതിനായി ചെലവഴിക്കേണ്ടത്. എന്നാല്‍ ഉയര്‍ന്ന ഫീസ് പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വൈറ്റ് ഹൗസ് നല്‍കിയ വിശദീകരണം.
എന്നാല്‍ ട്രംപിന്റെ തൊഴില്‍ തേടിയെത്തുന്ന മറ്റ് രാജ്യങ്ങളില്‍ ഉള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ യുഎസ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ നിയമിക്കുന്നതിനായി ടെക് സ്ഥാപനങ്ങളും മറ്റും എച്ച് 1ബി വിസയെയാണ് ആശ്രയിക്കുന്നത്.
വിസയ്ക്കുള്ള ചെലവ് വര്‍ധിപ്പിക്കുന്നത് വഴി ട്രംപ് ഭരണകൂടം കമ്പനികള്‍ക്ക് വിദേശത്ത് നിന്നുള്ള പ്രഗത്ഭരെ ജോലിക്കെടുക്കുന്നതില്‍ തടസമുണ്ടാക്കുന്നു. ഈ വര്‍ഷമാദ്യം യുഎസ് സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് 2 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി കുറച്ചു. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാക്കിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധനായ അറ്റകാന്‍ പാക്കിസ്‌കാന്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.
നിയന്ത്രിത കുടിയേറ്റ നിയമങ്ങള്‍ മനുഷ്യ മൂലധന നഷ്ടത്തിന് കാരണമാകും. ഈ നഷ്ടങ്ങള്‍ നികത്താന്‍ കൃത്രിമബുദ്ധിയിലെ നിക്ഷേപങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍ എന്നിങ്ങനെയുള്ള കമ്പനികളാണ് എച്ച് 1ബി വിസയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നത്. ഇവര്‍ക്ക് എച്ച് 1ബി വിസകള്‍ക്കായി ചെലവഴിക്കാന്‍ പണമുണ്ടെങ്കിലും ഇത് മറ്റ് മേഖലകളിലുള്ള റിക്രൂട്ട്മെന്റിനെ ദോഷമായി ബാധിക്കുമെന്ന് എക്സിടിബി ബ്രോക്കറിലെ ഗവേഷണ ഡയറക്ടര്‍ കാത്ലിന്‍ ബ്രൂക്സ് ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് എങ്ങനെ?
എച്ച് 1ബി വിസകളില്‍ യുഎസിലുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവയുള്‍പ്പെടെ യുഎസിലെ മുന്‍നിര സ്ഥാപനങ്ങള്‍ നോക്കി നടത്തുന്നത് പോലും ഇന്ത്യന്‍ വംശജരാണ്. യുഎസിലെ ഫിസിഷ്യന്മാരില്‍ 6 ശതമാനവും ഇന്ത്യക്കാരാണ്.
Also Read: H-1B visa: ട്രംപ് നല്‍കിയ എട്ടിന്റെ പണി, എച്ച് 1 ബി വിസകള്‍ക്കുള്ള ഫീസ് പ്രാബല്യത്തില്‍
എച്ച് 1ബി വിസ ഫീസ് വര്‍ധനവ് ഇന്ത്യയ്ക്ക് ആദ്യ കേള്‍വിയില്‍ ഞെട്ടലുണ്ടാക്കുമെങ്കിലും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരിക യുഎസ് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഫീസ് വര്‍ധനവ് യുഎസിലെ ചില ഓണ്‍ഷോര്‍ പ്രോജക്ടുകളുടെ ബിസിനസ് വളര്‍ച്ച തടയപ്പെടുത്തിയേക്കാമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോമിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമപരമായ അനിശ്ചിതത്വങ്ങള്‍ മാറുന്നത് വരെ ക്ലയന്റുകള്‍ കാലതാമസം വരുത്താനോ പദ്ധതി ഉപേക്ഷിക്കാനോ സാധ്യതയുണ്ട്. കമ്പനികള്‍ സ്റ്റാഫിങ് മോഡലിലും മാറ്റങ്ങള്‍ വരുത്തിയേക്കാം. ഓണ്‍ഷോര്‍ റോളുകള്‍ കുറയ്ക്കുകയും ഓഫ്ഷോര്‍ വര്‍ധിപ്പിക്കുകയും ചെയ്യാം. വര്‍ക്ക് ഫ്രം ഹോം പോലുള്ള സംവിധാനങ്ങള്‍ കമ്പനികള്‍ കൂടുതല്‍ ആവിഷ്‌കരിക്കുന്നത് യുഎസിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.