Hurricane Melissa: വൻ ദുരന്തം വിതയ്ക്കാനൊരുങ്ങി മെലീസ, ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക്
Hurricane Melissa Threatens Jamaica: വിനാശകരമായ കാറ്റിനും അതിശക്തമായ വെള്ളപ്പൊക്കത്തിനും മെലിസ കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കെയ്ൻ സെന്റർ മുന്നറിയിപ്പ് നൽകി.

Hurricane Melissa
ന്യൂഡൽഹി: ഈ വർഷം ലോകം കണ്ട ഏറ്റവും വലുതും ശക്തവുമായ ചുഴലിക്കാറ്റ് ജമൈക്കയെ തകർക്കാനെത്തുന്നെന്നു വിദഗ്ധർ. മണിക്കൂറിൽ 282 കിലോമീറ്റർ വേഗതയിൽ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് പ്രവേശിച്ച മെലിസ ചുഴലിക്കാറ്റ്, കാറ്റഗറി 5 വിഭാഗത്തിൽപ്പെടുന്ന ഈ അതിതീവ്ര ചുഴലിയാണ്. മെലിസ നിലവിൽ സഫിർ-സിംപ്സൺ ഹരിക്കെയ്ൻ വിൻഡ് സ്കെയിലിൽ ഏറ്റവും ശക്തിയേറിയ അഞ്ചാം കാറ്റഗറിയിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന ചുഴലിക്കാറ്റുകളുടെ വേഗത മണിക്കൂറിൽ 252 കിലോമീറ്ററോ അതിൽ കൂടുതലോ ആയിരിക്കും.
വിനാശകരമായ കാറ്റിനും അതിശക്തമായ വെള്ളപ്പൊക്കത്തിനും മെലിസ കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കെയ്ൻ സെന്റർ മുന്നറിയിപ്പ് നൽകി. ജമൈക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഇത് മാറിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായി ഉത്ഭവിച്ച മെലിസ, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങി ഒക്ടോബർ 21-ന് ചുഴലിയായി രൂപംകൊണ്ടു. കരീബിയൻ കടലിലൂടെ സഞ്ചരിച്ച് ശക്തി വർധിപ്പിച്ച മെലിസ ആദ്യം കാറ്റഗറി 4-ലും പിന്നീട് ഏറ്റവും തീവ്രമായ കാറ്റഗറി 5-ലും എത്തിച്ചേരുകയായിരുന്നു. മെലിസയുടെ പശ്ചാത്തലത്തിൽ ജമൈക്കയിൽ വലിയ ജാഗ്രതാ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്.