Nepal Gen Z Protest: നേപ്പാള്‍ പ്രതിഷേധം; ഹോട്ടലിലെ തീപിടുത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യക്കാരി മരിച്ചു
Indian Woman Dies in Nepal: നേപ്പാള്‍ സൈനിക മേധാവി അശോക് രാജ് സിഗ്‌ഡേല്‍, ചീഫ് ജസ്റ്റിസ് പ്രകാശ് മാന്‍ സിങ് റൗട്ട്, സിപിഎന്‍ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനില്‍ യോഗം ചേരും.

കാഠ്മണ്ഡുവില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍
കാഠ്മണ്ഡു: നേപ്പാളിലെ ഒരു ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സംഭവം. രാജ്യത്ത് നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രാജേഷ് ഗോള (51) ആണ് മരിച്ചത്. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനായി ഭര്‍ത്താവ് രാംവീര്‍ സിങ് ഗോളയ്‌ക്കൊപ്പം പോയതായിരുന്നു ഇവര്‍.
അക്രമകാരികള്‍ ഹോട്ടലിന് തീയിടുകയായിരുന്നു. ഇതേസമയം രാജേഷ് ഗോളയും ഭര്‍ത്താവും ഹോട്ടലിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ താഴത്തെ നിലകളില്‍ തീയിട്ടത്തോടെ പരിഭ്രാന്തനായ രാംവീര്‍ രാജേഷിനെ കര്‍ട്ടന്‍ ഉപയോഗിച്ച് സുരക്ഷിതമായി താഴോട്ടിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ കര്‍ട്ടനില്‍ നിന്നും പിടിവിട്ട് രാജേഷ് താഴേക്ക് പതിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, നേപ്പാളില്‍ നടന്ന അക്രമണങ്ങളില്‍ കുറഞ്ഞത് 51 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. കലാപത്തില്‍ കൊള്ളയടിക്കപ്പെട്ട നൂറിലധികം തോക്കുകള്‍ കണ്ടെടുത്തായി നേപ്പാള്‍ സൈന്യം അറിയിച്ചു. പ്രതിഷധത്തെ തുടര്‍ന്ന് രാജ്യത്തെ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500 ലധികം ആളുകളെ പോലീസ് തിരയുകയാണ്.
രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. നേപ്പാള്‍ സൈനിക മേധാവി അശോക് രാജ് സിഗ്‌ഡേല്‍, ചീഫ് ജസ്റ്റിസ് പ്രകാശ് മാന്‍ സിങ് റൗട്ട്, സിപിഎന്‍ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനില്‍ യോഗം ചേരും.
അതേസമയം, മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള നാല് കുടുംബങ്ങളിലെ 14 പേരോളം കാഠ്മണ്ഡുവില്‍ കുടുങ്ങിക്കിടക്കുകയാണ്. തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഭക്ഷണം തീര്‍ന്നുപോയതായി അവരില്‍ ഒരാള്‍ വീഡിയോ പങ്കിട്ടുകൊണ്ട് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.