Water From Air: ഇനി കുടിവെള്ളം വായുവിൽ നിന്ന്; പുതിയ പദ്ധതിയുമായി അജ്മാൻ
Ajman Water From Air Project: ‘ഗോ ഗ്രീൻ’ സംരംഭത്തിൻ്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപനം. ബാഹി അജ്മാൻ പാലസ് ഹോട്ടലും എയർ ഒ വാട്ടർ ഗ്ലോബലും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. കുടിവെള്ളം വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക്ക്കുപ്പികളും എണ്ണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Represental Image
അജ്മാൻ: എമിറേറ്റിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അധികൃതർ. അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കാനുള്ള പുതിയ പദ്ധതിയാണ് അജ്മാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയുമെന്നും വൃത്തങ്ങൾ അറിയിച്ചു. അജ്മാൻ വിനോദസഞ്ചാര വികസനവകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയത്.
‘ഗോ ഗ്രീൻ’ സംരംഭത്തിൻ്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപനം. ബാഹി അജ്മാൻ പാലസ് ഹോട്ടലും എയർ ഒ വാട്ടർ ഗ്ലോബലും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. കുടിവെള്ളം വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക്ക്കുപ്പികളും എണ്ണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടാതെ രാജ്യത്തിൻ്റെ കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും കൂടിയാണ് ഈ പദ്ധതി ലക്ഷ്യവയ്ക്കുന്നുണ്ട്. വടക്കൻ എമിറേറ്റിലെ ആദ്യത്തെ 100 ശതമാനം വായു-ജല ബോട്ടിലിങ് പ്ലാൻ്റാണ് നടപ്പാകാൻ പോകുന്നത്. ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ബഹി അജ്മാൻ പാലസ് ഹോട്ടൽ ഏരിയാ ജനറൽ മാനേജർ ഇഫ്തിക്കർ ഹംദാനി മാധ്യമങ്ങളോട് പറഞ്ഞു.
അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് പ്രതിവർഷം 3,65,000 ലിറ്റർവരെ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന തരത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിദിനം 1000 ലിറ്റർ വരെയാണ് ശുദ്ധജലം ഉല്പാദിപ്പിക്കാൻ കഴിയുക. ഈ സംരംഭം മറ്റ് രാജ്യങ്ങൾക്കും വലിയ പ്രജോദനമാകും. ഹോട്ടലിൻ്റെ ദൈനംദിന ആവശ്യങ്ങൾ ഉൾപ്പെടെ നിറവേറ്റാൻ ഇതിലൂടെ സാധിക്കുമെന്നും ഇഫ്തിക്കർ ഹംദാനി പറഞ്ഞു.
രാജ്യത്ത് പ്ലാസ്റ്റിക്ക് കുപ്പികളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞാൽ മാലിന്യങ്ങളും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സാധിക്കും. പദ്ധതി നടപ്പിലാകുന്നതിലൂടെ പ്രതിവർഷം 33.58 മെട്രിക് ടൺ കാർബൺ പുറന്തള്ളലാണ് കുറയ്ക്കാൻ കഴിയുന്നത്. ശുദ്ധജലത്തിൻ്റെ ഉല്പാദനത്തിനൊപ്പം തന്നെ കുപ്പികളുടെ പുനരുപയോഗവും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി ഉൾപ്പെടെയുള്ള പല വ്യവസായത്തിനും ഈ പദ്ധതി മികച്ചൊരു മാതൃകയാണ് നൽകുന്നത്.