India-Russia Oil Trade: ഇന്ത്യയ്ക്ക് പുടിന്റെ ആശ്വാസം! എണ്ണ ബാരലിന് 4 ഡോളര്‍ വരെ വില കുറച്ച് റഷ്യ
Russia-India Oil Deal 2025: ചൈനയില്‍ വെച്ച് നടന്ന ഷാങ്ഹായ് ഉച്ചക്കോടിയ്ക്ക് പിന്നാലെയാണ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ണായക തീരുമാനമെടുത്തത് എന്നാണ് വിവരം. റഷ്യയും ഇന്ത്യയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യ. റഷ്യന്‍ എണ്ണ വില ബാരലിന് 3 മുതല്‍ 4 വരെ ഡോളര്‍ കുറച്ചു. പുതുക്കിയ നിരക്ക് സെപ്റ്റംബര്‍ അവസാനത്തിനും ഒക്ടോബറിലും കയറ്റി അയക്കുന്ന യുറല്‍ ക്രൂഡിന് ബാധകമായിരിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ വെച്ച് നടന്ന ഷാങ്ഹായ് ഉച്ചക്കോടിയ്ക്ക് പിന്നാലെയാണ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ണായക തീരുമാനമെടുത്തത് എന്നാണ് വിവരം. റഷ്യയും ഇന്ത്യയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ഓഗസ്റ്റ് മാസത്തിന്റെ ആദ്യം എണ്ണ വാങ്ങിക്കുന്നതിന് ചെറിയ ഇടവേളകളുണ്ടായിരുന്നു. എങ്കിലും ഇന്ത്യന്‍ റിഫൈനറുകള്‍ റഷ്യന്‍ എണ്ണ ഉപയോഗിക്കുന്നത് തുടര്‍ന്നു. എണ്ണയ്ക്ക് വില കുറയുന്നത് കൂടുതല്‍ വാങ്ങിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചയോടെ ബാരലിന് 2.50 ഡോളര്‍ വരെ കിഴിവ് റഷ്യ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 1 ഡോളര്‍ കൂടുതലാണിത്.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങിക്കുന്നു എന്നാരോപിച്ചാണ് ഇന്ത്യയ്ക്ക് മേല്‍ ട്രംപ് അധിക തീരുവ ചുമത്തിയത്. നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്ക് മേലുള്ളത്. 2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചപ്പോഴേക്ക് ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു. യുക്രെയ്‌നില്‍ യുദ്ധം നടത്താന്‍ ഇന്ത്യ പുടിന് ധനസഹായം നല്‍കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രംഗത്തെത്തി. പുടിന്‍ യുക്രെയ്‌നില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്. ഇപ്പോള്‍ റഷ്യന്‍ റിഫൈനറുകള്‍ അവര്‍ക്ക് വലിയ കിഴിവുകള്‍ നല്‍കുന്നു. ക്രൂഡ് ഓയില്‍ വാങ്ങി അത് ശുദ്ധീകരിച്ച് യൂറോപ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുകയാണെന്നും നവാരോ കുറ്റപ്പെടുത്തി.