Narendra Modi-Putin: ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് റഷ്യ; നീക്കം പുടിന്റെ സന്ദര്‍ശനത്തിന് മുന്നേ
Russia India Defense Deal: മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ വ്യക്തമാക്കി.

നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും
മോസ്‌കോ: ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നെതന്നെ രാജ്യവുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ട് റഷ്യ. ഡിസംബര്‍ നാല്, അഞ്ച് തീയതികളിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതിന് മുന്നോടിയായി ഇന്ത്യയുമായുള്ള റഷ്യയുടെ പ്രധാന സൈനിക ഉടമ്പടി സ്‌റ്റേറ്റ് ഡുമ അംഗീകരിച്ചു. ഫെബ്രുവരി 18ന് ഇരുസര്‍ക്കാരുകളും ഒപ്പുവെച്ച റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക് സപ്പോര്‍ട്ട് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്റെ അംഗീകരത്തിനായി അയച്ചിരുന്നു.
ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം തന്ത്രപരവും സമഗ്രവുമാണ്. അവയെ തങ്ങള്‍ വിലമതിക്കുന്നു. പരസ്പര സഹകരണത്തിലേക്കും വികസനത്തിലേക്കുമുള്ള മറ്റൊരു ചുവടുവെപ്പായാണ് കരാറിനെ നോക്കിക്കാണുന്നത് എന്ന് സ്‌റ്റേറ്റ് ഡുമ സ്പീക്കര്‍ വ്യാഷെസ്ലാവ് വോലോഡിന്‍ സഭയുടെ പ്ലീനറി സെഷനില്‍ പറഞ്ഞു.
സൈനിക ശക്തി, യുദ്ധക്കപ്പലുകള്‍, സൈനിക വിമാനങ്ങള്‍ എന്നിവ ഇന്ത്യയിലേക്കും തിരിച്ചും അയക്കുകയും അവയുടെ പരസ്പര പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്ന് കരാറില്‍ പറയുന്നു. സൈനികരുടെയും ഉപകരണങ്ങളുടെയും ഷിപ്പിങ് മാത്രമല്ല അവയുടെ ലോജിസ്റ്റിക്‌സും കരാറിന് കീഴില്‍ വരും.
മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ വ്യക്തമാക്കി.