AI Generated Images: ആ കളി വേണ്ട; എഐ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ യുഎഇ നിരോധിച്ചു
UAE Bans AI Generated Images: യുഎഇയുടെ സ്ഥാപക നേതാവ് ഷെയ്ഖ് സായിദ് അല്‍ നഹ്യാന്റെ ചിത്രം എഐയുടെ സഹായത്തോടെ നിര്‍മിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

പ്രതീകാത്മക ചിത്രം
അബുദബി: എഐയ്ക്ക് പൂട്ടിട്ട് യുഎഇ. വ്യക്തികളുടെയും ദേശീയ ചിഹ്നങ്ങളുടെയും എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ നിരോധിച്ച് യുഎഇ മീഡിയ കൗണ്‍സില്‍. എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ആശങ്കകള്‍ വര്‍ധിക്കുന്നതിനാലാണ് പുതിയ നീക്കമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും, ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ ആശയവിനിമയം ഉറപ്പാക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
അനുമതിയില്ലാതെ ദേശീയ ചിഹ്നമങ്ങളോ വ്യക്തികളോ ഉള്‍പ്പെടുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ സമാനമായ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മാധ്യമ ഉള്ളടക്ക നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് മീഡിയ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎഇയുടെ സ്ഥാപക നേതാവ് ഷെയ്ഖ് സായിദ് അല്‍ നഹ്യാന്റെ ചിത്രം എഐയുടെ സഹായത്തോടെ നിര്‍മിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരം പ്രവൃത്തികള്‍ വ്യക്തികളെ തെറ്റായി ചിത്രീകരിക്കുക മാത്രമല്ല, രാജ്യത്തിന്റെ സ്വത്വത്തെയും മൂല്യങ്ങളെയും അനാദരിക്കുക കൂടിയാണെന്നും മീഡിയ കൗണ്‍സില്‍ പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ യുഎഇയുടെ മാധ്യമ നിയമ ലംഘന നിയന്ത്രണത്തിന് കീഴില്‍ വരും. പിഴയും ശിക്ഷയും അനുഭവിക്കേണ്ടതായും വരുമെന്നും പ്രസ്താവനയില്‍ പറയുന്നു.