Onam 2025 offers: ഓണത്തിനു കുറഞ്ഞ തുകയ്ക്ക് യുഎയിൽ നിന്ന് നാട്ടിലെത്താം… അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
UAE–Kerala Onam Travel: പരിമിതമായ കാലയളവിന് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ. അതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകാൻ സാധ്യത ഏറെയാണ്.
ന്യൂഡൽഹി: ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് യു എ ഇയിൽ നിന്നുള്ള മലയാളി പ്രവാസികൾക്ക് സന്തോഷവാർത്തയാണ് എത്തുന്നത്. സാധാരണയായി ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില കുത്തനെ ഉയരാറാണ് പതിവ്. എന്നാൽ ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസും പ്രമുഖ ട്രാവൽ ഏജൻസികളും പ്രഖ്യാപിച്ച പുതിയ ഓഫറുകൾ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
189 ദിർഹം മുതലാണ് യു എ ഇയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത്. ആദ്യമായി ഇത്തരം ഓഫറുമായി രംഗത്തെത്തിയത് എയർ ഇന്ത്യ എക്സ്പ്രസ്സാണ്.
ദുബായ്, ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്. കൂടാതെ, യാത്രക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് തീയതി, ലക്ഷ്യം എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. ഉയർന്ന വിമാന ടിക്കറ്റ് ചെലവിനെ തുടർന്ന് ഓണക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്യാൻ മടിക്കുന്നവർക്കായി ഇത് വലിയൊരു ലാഭമാണ്.
അതേസമയം, സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് അടക്കം ചില പ്രമുഖ ട്രാവൽ ഏജൻസികളും ഇത്തവണ ഓണക്കാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്- കോഴിക്കോട് റൂട്ടിൽ വെറും 189 ദിർഹത്തിന് വൺ വേ ടിക്കറ്റുകൾ നൽകുന്നതോടൊപ്പം 30 കിലോ ബാഗേജ് അലവൻസ് സൗജന്യമായി നൽകുന്നതായും അധികൃതർ വ്യക്തമാക്കി.
പരിമിതമായ കാലയളവിന് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ. അതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകാൻ സാധ്യത ഏറെയാണ്. യാത്ര പദ്ധതിയിടുന്നവർ ഉടൻ തന്നെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികളുടെ സഹായത്തോടെയോ ബുക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.