Sudan Civil War: സുഡാനിൽ സ്ഥിതി അതിരൂക്ഷം; മുന്നറിയിപ്പ് നൽകി യുഎൻ
UN Secretary General Warns on Sudan Civil War: ആർഎസ്എഫ് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഇന്ത്യൻ പൗരൻ ആദർശ് ബെഹേരയെ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഒഡീഷയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

Antonio Guterres
ദോഹ: സുഡാനിലെ യുദ്ധം നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ആഭ്യന്തര യുദ്ധം എല്ലാ അതിരുകളും ലംഘിക്കുന്നതായും ഏറ്റവും വലിയ മനുഷ്യത്വപരമായ പ്രതിസന്ധികളിൽ ഒന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ വെച്ച് നടക്കുന്ന യു.എൻ. ഉച്ചകോടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
രണ്ട് വർഷമായി തുടരുന്ന ഈ സംഘർഷം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്വപരമായ പ്രതിസന്ധികളിൽ ഒന്നായി മാറിയിരിക്കുകയാണ്. അതിനാൽ, ഉടൻതന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. വ്യാപകമായ വംശീയ കൂട്ടക്കൊലകളും ലൈംഗികാതിക്രമങ്ങളും നടത്തിയതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 ഏപ്രിലിൽ ആരംഭിച്ച സുഡാനിലെ സൈന്യവും RSF-ഉം തമ്മിലുള്ള യുദ്ധത്തിൽ 40,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) എൽ ഫാഷർ നഗരം പിടിച്ചതോടെയാണ് 2023 മുതൽ സുഡാൻ സേനയുമായി തുടരുന്ന ആഭ്യന്തര യുദ്ധം വഷളായത്. 14 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. കൂടാതെ, യുദ്ധം തകർത്ത സുഡാനിലെ രണ്ട് പ്രദേശങ്ങളിൽ ക്ഷാമം രൂക്ഷമാകുന്നുണ്ട്.
ALSO READ: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തീഗോളമായി; യുഎസിലെ കെൻ്റക്കിയിൽ കാർഗോ വിമാനം തകർന്ന് വീണു
അതിനാൽ, ഈ അസഹനീയമായ കൂട്ടക്കൊല അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പോരാട്ടം അവസാനിപ്പിക്കാനും, സുഡാനിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തുന്നത് തടയാനും, അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
അതേസമയം, ആർഎസ്എഫ് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഇന്ത്യൻ പൗരൻ ആദർശ് ബെഹേരയെ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഒഡീഷയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. സുഡാനിൽ പ്ലാസ്റ്റിക് ഫാക്ടറി ജീവനക്കാരനായിരുന്നു ബെഹേര.