UN warns on Gaza: മരണത്തിന് മുമ്പിൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ
UN warns on Gaza: പതിനൊന്ന് ആഴ്ചയായി ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രായേൽ ഇളവ് വരുത്തിയത്. ഇളവ് നൽകിയെങ്കിലും പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്.

യുദ്ധക്കെടുതിയിൽ തകർന്ന പ്രദേശത്തേക്ക് കൂടുതൽ സഹായം എത്തിയില്ലെങ്കിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ. യുഎൻ മാനുഷിക സഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ ആണ് മുന്നറിയിപ്പ് നൽകിയത്.
പതിനൊന്ന് ആഴ്ചയായി ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രായേൽ ഇളവ് വരുത്തിയത്. ഇളവ് നൽകിയെങ്കിലും പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള
അടിയന്തര സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിപ്പിച്ചത്. ഇത് സമുദ്രത്തിലെ ഒരു തുള്ളി എന്ന പോൽ മാത്രമാണെന്നും ഇനിയും നിരവധി ജനങ്ങൾ ഗാസയിൽ സഹായത്തിനായി കേഴുകയാണെന്നും ടോം ഫ്ലെച്ചർ പറഞ്ഞു.
എത്രയും വേഗം സഹായം ലഭ്യമാക്കിയില്ലെങ്കിൽ 14,000ഓളം കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. കണക്കുകൾ പ്രകാരം ഭൂരിഭാഗം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. കുട്ടികൾക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകൾ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കാൻ ഐക്യരാഷ്ട്രസഭ പദ്ധതിയിടുന്നതായി ടോം ഫ്ലെച്ചർ അറിയിച്ചു. എന്നാൽ യാത്രയിൽ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് വലിയ അപകടസാധ്യതകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ ഇസ്രായേലിന്റെ അതിക്രൂരമായ നടപടികളെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കൾ രംഗത്തെത്തിയിരുന്നു. മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഗാസയിലേക്കുള്ള സഹായം തടഞ്ഞതിനെയും പാലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുമെന്ന് നെതന്യാഹു സർക്കാരിന്റെ ഭീഷണിയേയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ശരാശരി 500 സഹായ ട്രക്കുകളാണ് ഗാസയിൽ ദിവസവും പ്രവേശിച്ചിരുന്നത്. എന്നാൽ 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ സ്ഥിതി മാറി. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി, മാനുഷിക സഹായം ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും പ്രവേശനം ഉടനടി നിർത്തിവയ്ക്കുകയായിരുന്നു.