US China Tariff: യുഎസിനും ചൈനയ്ക്കുമിടയില്‍ മഞ്ഞുരുക്കമോ? താരിഫ് നടപ്പാക്കുന്നത് 90 ദിവസത്തേക്ക് നീട്ടിവച്ച് ഇരുരാജ്യങ്ങളും
US China Tariff truce: യുഎസും ചൈനയും ഒരു വ്യാപാര കരാറിലേക്ക് വളരെ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. കരാറിൽ ഒപ്പുവച്ചാൽ ഈ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ്

ഡൊണാൾഡ് ട്രംപ്
ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ 90 ദിവസത്തേക്ക് കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് ചൈന. നവംബർ 10 വരെ ഉയർന്ന താരിഫ് ഏർപ്പെടുത്തുന്നത് താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതായി ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ചൈനീസ് വാണിജ്യ മന്ത്രാലയവും സമാന നീക്കത്തിലേക്ക് കടന്നു. താരിഫ് ഇതര നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎസും ചൈനയും ഒരു വ്യാപാര കരാറിലേക്ക് വളരെ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് നേരത്തെ സിഎൻബിസിയോട് പ്രതികരിച്ചിരുന്നു. കരാറിൽ ഒപ്പുവച്ചാൽ ഈ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിലിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം പ്രതികാര തീരുവ ചുമത്തി.
Also Read: Trump new Plan: കഞ്ചാവ് ആളുകൾക്ക് കൂടുതൽ ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി ട്രംപ്
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം, മെയ് മാസത്തിൽ ഇരുരാജ്യങ്ങളും താരിഫ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് 90 ദിവസത്തെ സമയപരിധിക്ക് സമ്മതിച്ചിരുന്നു. ജൂലൈ അവസാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വീണ്ടും കൂടിക്കാഴ്ച നടന്നു.
ഈ വര്‍ഷം ജൂണില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു. ചൈനയുമായുള്ള യുഎസിന്റെ വ്യാപാര കമ്മി ജൂണിൽ ഏകദേശം മൂന്നിലൊന്ന് കുറഞ്ഞ് 9.5 ബില്യൺ ഡോളറിലെത്തി. 2004 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയതുപോലെ, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനയ്ക്ക് മേലും ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചൈനയ്ക്ക് മേൽ ദ്വിതീയ താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.