Donald Trump: ഗാസയിൽ രക്തച്ചൊരിച്ചിൽ തുടർന്നാൽ ‘കൊല്ലും’, ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
Donald Trump Threats Hamas: ഗാസ മുനമ്പിൽ രണ്ടുവർഷത്തെ യുദ്ധത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ പദ്ധതിയിൽ ഗാസയിലെ ബന്ദികളെ തിരിച്ചയക്കുന്നത് ഉൾപ്പെട്ടിരുന്നു.

Donald Trump
വാഷിങ്ടൺ: ഗാസയിൽ രക്തച്ചൊരിച്ചിൽ തുടർന്നാൽ ഹമാസിനെ കൊല്ലുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിൽ കൂട്ടക്കൊല നടത്തുകയും തെരുവിൽ നിർത്തി പരസ്യമായി വധശിക്ഷ നടപ്പാക്കുകയും ഉൾപ്പെടെയുള്ള അക്രമങ്ങൾ തുടരവേയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഗാസയിൽ ആഭ്യന്തര രക്തച്ചൊരിച്ചിൽ തുടരുകയാണെങ്കിൽ, അങ്ങോട്ട് ചെന്ന് അവരെ കൊല്ലുകയല്ലാതെ നമുക്ക് മറ്റ് മാർഗമില്ല എന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എതിർ സംഘാംഗങ്ങളെ കൊലപ്പെടുത്തുന്ന ഹമാസിന്റെ പ്രവൃത്തി അധികം ക്ഷമിക്കാൻ സാധിക്കില്ല. ഹമാസ് ആയുധം കൈവെടിയണം. ഇല്ലെങ്കിൽ ഹമാസിനെ ഞങ്ങൾ നിരായുധീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
ALSO READ: കരാറില്‍ വീഴ്ച വരുത്തിയാല്‍ ഇസ്രായേല്‍ സൈന്യം തിരിച്ചെത്തും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
ഗാസ മുനമ്പിൽ രണ്ടുവർഷത്തെ യുദ്ധത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ പദ്ധതിയിൽ ഗാസയിലെ ബന്ദികളെ തിരിച്ചയക്കുന്നത് ഉൾപ്പെട്ടിരുന്നു. 20 ജീവനുള്ള ബന്ദികളെ വിട്ടയച്ചതിന് ശേഷം, ഹമാസ് 10 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
എന്നാൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഗാസയിലെ തെരുവിൽ ഹമാസ് പരസ്യമായി വധശിക്ഷ നടപ്പാക്കി. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് തെരുവിൽ ജനങ്ങൾക്ക് മുന്നിൽ വച്ച് ഹമാസ് പ്രവർത്തകർ വെടിവച്ചു കൊന്നത്.