Yemen’s Legal System: ജനക്കൂട്ടത്തിനു നടുവിലെ വധശിക്ഷ, പ്രതികാരം… വിചിത്രവും ക്രൂരവുമായ യെമനിലെ നിയമവ്യവസ്ഥകൾ
Yemen's Legal Systems and cruel punishments : ആംനസ്റ്റി ഇൻ്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകൾ യെമനിലെ വധശിക്ഷാ നടപടികളെ നിരന്തരം അപലപിക്കുകയും നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയും നീതിയും ആവശ്യപ്പെടുകയും ചെയ്യുന്നു.
ന്യൂഡൽഹി: ആഭ്യന്തര സംഘർഷങ്ങളാൽ തകർന്ന യെമനെ നമുക്കെല്ലാം അറിയാം. എന്നാൽ ഈ രാജ്യം ഇപ്പോൾ ചർച്ചകളിൽ നിറയുന്നത് നിമിഷാപ്രിയയുടെ വധശിക്ഷയുടെ പേരിലാണ്. സംഘർഷങ്ങൾക്കപ്പുറം ലോകത്തെ ഏറ്റവും കൂടുതൽ ശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണ് യെമൻ. ഇവിടുത്തെ ശിക്ഷാരീതികളും അതിന്റെ പിന്നിലെ യാഥാർത്ഥ്യങ്ങളും ക്രൂരവും ഞെട്ടിപ്പിക്കുന്നതും ആണ്. വെടിവച്ചു കൊല്ലുന്നത് മുതൽ പരസ്യമായി വധശിക്ഷകൾ വരെ യെമനിൽ സർവ്വസാധാരണം.
സങ്കീർണമായ നിയമവ്യവസ്ഥ
യെമനിലെ നിയമവ്യവസ്ഥ സിവിൽ നിയമങ്ങളുടെ അവശേഷിപ്പുകൾക്കൊപ്പം ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ശക്തമായ സ്വാധീനവും ചേർന്നതാണ്. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം ശരീഅത്ത് നിയമങ്ങൾ ആണെങ്കിലും ആഭ്യന്തര യുദ്ധവും അസ്ഥിരതയും കാരണം ഇവിടെ ഇപ്പോൾ നിയമവാഴ്ച വളരെ ദുർബലമാണ്. ഹൂതി വിമതരും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരും നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ നിയമങ്ങൾ വളരെ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതിനൊപ്പം തന്നെ ചില പ്രദേശങ്ങളിൽ ഗോത്ര നിയമങ്ങൾക്കും വലിയ സ്വാധീനമുണ്ട്. നീതിന്യായ പ്രക്രിയകളിൽ സുതാര്യതയില്ലായ്മ മതിയായ നിയമസഹായം ലഭിക്കാത്തത് കുറ്റസമ്മതത്തിനായി പീഡനം എന്നിവ സർവസാധാരണമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ദരിദ്രരും ദുർബലരും ആണ് ഇതിന് കൂടുതലും ഇരയാകുന്നത്.
ശരീഅത്ത് നിയമവും വധശിക്ഷയും
ഇസ്ലാമിക ശരീഅത്ത് നിയമം വധശിക്ഷയിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഖിസാസ് (കൊലപാതകത്തിന് പ്രതികാരം), ഹുദൂദ് (ദൈവത്തിനെതിരായ കുറ്റങ്ങൾക്ക് നിശ്ചയിച്ച ശിക്ഷകൾ), തസീർ (കോടതിയുടെ വിവേചനാധികാരത്തിലുള്ള ശിക്ഷകൾ) എന്നിവയാണ് പ്രധാന വിഭാഗങ്ങൾ. കൊലപാതകം, ഭീകരവാദം, ചാരവൃത്തി, മയക്കുമരുന്ന് കടത്ത്, മതനിന്ദ, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്ക് യെമനിൽ വധശിക്ഷ നൽകാം.
ഞെട്ടിക്കുന്ന പരസ്യ വധശിക്ഷകൾ
യെമനിൽ വധശിക്ഷകൾ പലപ്പോഴും പരസ്യമായാണ് നടപ്പാക്കുന്നത്. ജനക്കൂട്ടം നോക്കിനിൽക്കെ വെടിവെച്ചുകൊല്ലുന്നതാണ് പ്രധാന രീതി. ഇത് പൊതുജനങ്ങളിൽ ഭയം സൃഷ്ടിക്കാനും ഒരു പാഠം പഠിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, ഇത് മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ക്രൂരവുമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു. പ്രായപൂർത്തിയാകാത്തവരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെങ്കിലും, പ്രായം നിർണ്ണയിക്കുന്നതിലെ പിഴവുകൾ കാരണം യെമനിൽ ഇത് സംഭവിക്കാറുണ്ട്. സ്ത്രീകളും വിദേശികളും പോലും ഈ നിയമവ്യവസ്ഥയുടെ ഇരകളാകുന്നുണ്ട്.
ആംനസ്റ്റി ഇൻ്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകൾ യെമനിലെ വധശിക്ഷാ നടപടികളെ നിരന്തരം അപലപിക്കുകയും നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയും നീതിയും ആവശ്യപ്പെടുകയും ചെയ്യുന്നു. യെമനിലെ ഈ യാഥാർത്ഥ്യങ്ങൾ നിയമപരമായ പരിഷ്കരണത്തിൻ്റെയും മനുഷ്യാവകാശ സംരക്ഷണത്തിൻ്റെയും അടിയന്തിര ആവശ്യകത വ്യക്തമാക്കുന്നു.