UAE Weather: യുഎഇയിൽ ചൂട് വർധിക്കുന്നു; എക്സിമ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്
Rising temperature Increases Eczema Cases: യുഎഇയിൽ എക്സിമ രോഗികളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് അധികരിച്ചുവരുന്ന ചൂടാണ് കാരണം.
യുഎഇയിൽ അധികരിച്ചുവരുന്ന ചൂടിൽ എക്സിമ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു എന്ന് റിപ്പോർട്ട്. രാജ്യത്തെ ഔദ്യോഗിക ഹെൽത്ത് ആൻഡ് സേഫ്റ്റി സർക്കാർ പോർട്ടലായ വെഖായ ആണ് ഇക്കാര്യം അറിയിച്ചത്. 24 ശതമാനം കുട്ടികളെയും 11 ശതമാനം മുതിർന്നവരെയും എക്സിമ ബാധിക്കുന്നുണ്ടെന്നും ദൈനം ദിന ജീവിതത്തെ ഇത് ബാധിക്കുന്നുണ്ടെന്നും വെഖായ അറിയിച്ചു.
എക്സിമ ബാധിക്കുന്നവരുടെ ചർമ്മം വരണ്ടുണങ്ങും. ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാവും. ഗുരുതരമായാൽ ഇത് പൊട്ടി ഒലിച്ചേക്കാം. പകരുന്ന അസുഖമല്ലെങ്കിലും ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന അസുഖമാണിത്. രാജ്യത്ത് 45 ഡിഗ്രിയിൽ അധികമാണ് ഊഷ്മാവ്. ഇത് എക്സിമ രോഗികകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാക്കുന്നതായി ഡോക്ടർമാർ പറയുന്നു. ചൂട്, വിയർപ്പ്, വരണ്ട കാലാവസ്ഥ, പ്രത്യേകതരം തുണിത്തരങ്ങൾ എന്നിവയൊക്കെ എക്സിമയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
എക്സിമയിൽ നിന്ന് രക്ഷനേടാൻ ചർമ്മസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ചർമ്മത്തിൽ എപ്പോഴും ജലാംശം സൂക്ഷിക്കണം. കുളിച്ചതിന് ശേഷവും ചർമ്മസംരക്ഷണം നടത്തണം. ഇളം നിറത്തിലുള്ള കോട്ടൺ തുണിത്തരങ്ങൾ ധരിക്കാൻ ശ്രമിക്കണം. ഇത് വിയർപ്പ് കുറയ്ക്കും. കുളിക്കുമ്പോൾ ചൂടുവെള്ളത്തിന് പകരം ഇളം ചൂട് വെള്ളം ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്തും. സാധാരണ സോപ്പിന് പകരം പിഎച്ച് ബാലൻസ്ഡ് ആയുള്ള ക്ലെൻസറുകൾ ഉപയോഗിക്കുക. എസി തീരെ കുറയ്ക്കാതെ ഫാനുകളോ എയർ പ്യൂരിഫയറോ ഉപയോഗിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകി.