Donald Trump-Zohran Mamdani: ‘അദ്ദേഹത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കും’; മംദാനിയെ വരവേറ്റ് ട്രംപ്
Trump Meets Zohran Mamdani: ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ്, പൊതുസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മംദാനി ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുനേതാക്കളും ഓവല്‍ ഓഫീസില്‍ വെച്ച് കണ്ടുമുട്ടിയത്.

ട്രംപും മംദാനിയും
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയ്ക്ക് സ്വീകരണമൊരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം മുതല്‍ സാമ്പത്തിക നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറ്റുമുട്ടിയ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച ലോകശ്രദ്ധ യുഎസിലേക്ക് ക്ഷണിക്കുകയാണ്. മംദാനിയെ ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് ട്രംപ് സ്വീകരിച്ചു.
ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ്, പൊതുസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മംദാനി ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുനേതാക്കളും ഓവല്‍ ഓഫീസില്‍ വെച്ച് കണ്ടുമുട്ടിയത്.
താന്‍ വിചാരിച്ചതിലും കൂടുതല്‍ കാര്യങ്ങളില്‍ തങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കുന്നുണ്ടെന്ന് സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ഞങ്ങള്‍ക്ക് പൊതുവായ ചില അഭിപ്രായങ്ങളുണ്ട്, ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ നഗരത്തെ വളരെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു, ട്രംപ് പറഞ്ഞു.
വളരെ ശക്തരായ വളരെ മിടുക്കരായ മത്സരാര്‍ത്ഥികള്‍ക്കെതിരെ അദ്ദേഹം അവിശ്വസനീമായ വിജയമാണ് കൈവരിച്ചതെന്നും മംദാനിയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് നഗരം എന്ന സ്‌നേഹവും ആദരവും പങ്കിടുന്ന സ്ഥലത്തെ കുറിച്ചും, അവിടുത്തെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണം എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് മംദാനി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചപ്പോള്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ടിങ് നില്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തീവ്ര ഇടതുപക്ഷ ഭ്രാന്തന്‍, ജൂത വിരോധി എന്നിങ്ങനെ നിരവധി അധിക്ഷേപ വിശേഷണങ്ങളും ട്രംപ് മംദാനിയ്ക്ക് നല്‍കിയിട്ടുണ്ട്.