AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial Freedom: എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം? സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഇവ അറിഞ്ഞുവെക്കാം

Financially Independent: ജോലി ഉണ്ടായതുകൊണ്ട് തന്നെ നമ്മുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നുണ്ട്. പക്ഷെ ആവശ്യങ്ങള്‍ നിറവേറുന്നു എന്നതിനപ്പുറം പണം സമ്പാദിക്കേണ്ടതും അനിവാര്യമായ കാര്യമാണ്. ജോലി ചെയ്യുന്ന സമയത്ത് പണം സ്വരുകൂട്ടി വെക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മളെ ബുദ്ധിമുട്ടിലാക്കും.

Financial Freedom: എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം? സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഇവ അറിഞ്ഞുവെക്കാം
Financial Freedom (പ്രതീകാത്മക ചിത്രം)
shiji-mk
Shiji M K | Published: 27 Aug 2024 11:47 AM

ഇന്നത്തെ കാലത്ത് എല്ലാവരും ജോലിക്ക് പോകുന്നവരാണ്. വലിയ ജോലികളൊന്നുമല്ലെങ്കിലും സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കണമെന്ന തോന്നലാണ് പലരേയും ജോലിക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. പണ്ട് കാലത്ത് സ്ത്രീകള്‍ ജോലിക്ക് പോകുന്നത് വളരെ വിരളമായിരുന്നു. വീട്ടുജോലികളും കുട്ടികളെ നോക്കലുമായി അവരുടെ ജീവിതം കഴിഞ്ഞുപോകും. എന്നാല്‍ അക്കാലത്തെ എല്ലാവരും ഇങ്ങനെയായിരുന്നില്ല, പാടത്തും പറമ്പിലും പോയി അധ്വാനിച്ച് ജീവിച്ചവരുമുണ്ടായിരുന്നു.

പൊതുവേ നമ്മുടെ നാട്ടില്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വളരെ കുറവായിരുന്നു. പത്താം ക്ലാസ് അല്ലെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ വിവാഹജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീകളാരും ഒരു ജോലിയെ കുറിച്ച് പോലും ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍, വിദ്യാഭ്യാസം നേടണമെന്നും ജോലിക്ക് പോകണമെന്നുമാണ് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ കൈനീട്ടേണ്ടതായി വരരുത് എന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ട്.

Also Read: International Lottery Day 2024: കപ്പൽ നിർമ്മിക്കാനുള്ള പൈസക്കായി ആരംഭിച്ച നറുക്കെടുപ്പ്, പിന്നെ ലോട്ടറിയായി മാറിയ കഥ

ജോലി ഉണ്ടായതുകൊണ്ട് തന്നെ നമ്മുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നുണ്ട്. പക്ഷെ ആവശ്യങ്ങള്‍ നിറവേറുന്നു എന്നതിനപ്പുറം പണം സമ്പാദിക്കേണ്ടതും അനിവാര്യമായ കാര്യമാണ്. ജോലി ചെയ്യുന്ന സമയത്ത് പണം സ്വരുകൂട്ടി വെക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മളെ ബുദ്ധിമുട്ടിലാക്കും. ചിലവാക്കാന്‍ തോന്നുന്നത് പോലെ അങ്ങനെ ആര്‍ക്കും സമ്പാദിക്കാന്‍ തോന്നാറില്ല.

നമ്മുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും ചെലവുകള്‍ക്കും പണം സ്വയം കണ്ടെത്തുന്ന അവസ്ഥയാണല്ലോ സാമ്പത്തിക സ്വാതന്ത്ര്യം. സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോള്‍ മറ്റ് ഒന്നിനെയും കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതായി വരുന്നില്ല. ഒരു ജോലി എന്നതിന് പുറമേ നിങ്ങളുടെ സ്വന്തം താത്പര്യങ്ങളില്‍ ജീവിക്കാന്‍ സാമ്പത്തിക സ്വാതന്ത്ര്യം ഓരോരുത്തേരയും പ്രാപ്തമാക്കുന്നുണ്ട്.

എങ്ങനെയാണ് ഒരാള്‍ക്ക് എളുപ്പത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിക്കുന്നതെന്ന് അറിയാമോ?

ജീവിതത്തില്‍ ലക്ഷ്യം ഉണ്ടാകണം

വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടാവുക എന്നതാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാനമായ കാര്യം. ഇത് തന്നെയാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ആദ്യ പടി. ഹ്രസ്വകാലമായിട്ടുള്ളതോ അല്ലെങ്കില്‍ ദീര്‍ഘകാലമായിട്ടുള്ളതോ ആയിരിക്കും ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍. കുട്ടികളുടെ കല്യാണം, പുതിയ വീട്, കാര്‍ വാങ്ങല്‍ തുടങ്ങി എന്തുമാകാം നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍.

പണമിടപാടുകളില്‍ ജാഗ്രത

നിങ്ങളുടെ കയ്യില്‍ നിന്ന് പണം എങ്ങനെയാണ് ചിലവാകുന്നതെന്ന് പരിശോധിക്കുക. പണം എങ്ങനെ സംരക്ഷിക്കാമെന്നും അവ എവിടെ നിക്ഷേപിക്കാമെന്നും സ്വയം ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ കടബാധ്യതകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാകും. കൂടാതെ പണം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടാവുകയും ചെയ്യും.

നിക്ഷേപം ശ്രദ്ധയോടെ

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കേണ്ട കാലാവധി നോക്കിയും മികച്ച വരുമാനം ലഭിക്കുന്നതിനും അനുയോജ്യമായ നിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കേണ്ടത്. ഇത് വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കും.

റിസ്‌ക് മാനേജ്‌മെന്റ് ആന്റ് എമര്‍ജന്‍സി ഫണ്ട്

പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ അപകടത്തിലാക്കും. അതിനാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളെ മറികടക്കുന്നതിനായി പണം കൃത്യമായി കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ആശുപത്രി കേസുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റാനാകും.

ആനുകാലിക ട്രാക്കിങ്

നിക്ഷേപ തുകയ്ക്ക് ആനുപാതികമായിരിക്കണം വരവിന്റെ വളര്‍ച്ച. മാര്‍ക്കറ്റ് എങ്ങനെ പോകുന്നുവെന്നും സാമ്പത്തിക ലക്ഷ്യങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്നും സ്ഥിരമായ ട്രാക്കിങിലൂടെ അറിയാന്‍ സാധിക്കും. ഇടയ്ക്കിടെ ട്രാക്ക് ചെയ്യുന്ന നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന് ഗുണം ചെയ്യും.

Also Read: Onam 2024: ഓണമാണ് ഓഫറുകളുടെ കാലമാണ്, നോക്കിയും കണ്ടും ഷോപ്പിങ് നടത്തിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ താഴെ പോകുമേ

സ്വത്തുക്കളെ കുറിച്ചറിയാം

നിങ്ങളുടെ ആസ്തികളെയും ബാധ്യതകളെയും കുറിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവയെ കുറിച്ച് അറിഞ്ഞുവെക്കുന്നത് നിങ്ങളുടെ ലക്ഷ്യത്തിന് ഗുണം ചെയ്യും. ബാധ്യതകളെ മനസിലാക്കുന്നതോടൊപ്പം വരവിനെ കുറിച്ചും നമുക്ക് ധാരണ ഉണ്ടായിരിക്കണം.

സാമ്പത്തിക ഉപദേഷ്ടാവ്

സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാം. നിങ്ങളുടെ സാമ്പത്തിക ഉയര്‍ച്ചക്ക് ഏറെ നിര്‍ണായകമായിട്ടുള്ള കാര്യമാണിത്. എന്നാല്‍ ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.