Ryo Tatsuki Prediction: ഒരൊറ്റ പ്രവചനം, നഷ്ടം കോടികൾ; ജപ്പാന് വരുമെന്ന് പറഞ്ഞ ദുരന്തമിതോ?
Japan’s Baba Vanga, Ryo Tatsuki: പ്രവചനത്തിന് പിന്നാലെ 76 മണിക്കൂറിനുള്ളിൽ 500ലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചതും ഭീതിയുടെ വ്യാപ്തി കൂട്ടി. എന്നാൽ റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു.

ഒരാഴ്ച കാലം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്താൻ ജാപ്പനീസ് ബാബ വാംഗ എന്ന റിയോ തത്സുകിയുടെ പ്രവചനത്തിന് കഴിഞ്ഞു. ജൂലൈ 5ന് ജപ്പാനിൽ മഹാ സുനാമി ഉണ്ടാകും, നഗരങ്ങൾ കടലിൽ വീഴും, വെള്ളം തിളച്ച് മറിയും എന്നിങ്ങനെയുള്ള പ്രവചനത്തെ ലോകം പേടിയോടെയാണ് കണ്ടത്.
പ്രവചനത്തിന് പിന്നാലെ 76 മണിക്കൂറിനുള്ളിൽ 500ലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചതും ഭീതിയുടെ വ്യാപ്തി കൂട്ടി. എന്നാൽ റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു. പുലർച്ചെ 4.18ന് ദുരന്തം സംഭവിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ, ജപ്പാനിൽ ഇതുവരെ അത്തരത്തിലുള്ള ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ജപ്പാനിൽ സാമ്പത്തികമായി വലിയൊരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരൊറ്റ പ്രവചനത്തിന് പിന്നാലെ 3.9 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ജപ്പാന് ഉണ്ടായിരിക്കുന്നത്. പ്രവചനത്തിന് പിന്നാലെ ജപ്പാനിലേക്കുള്ള യാത്ര വിനോദ സഞ്ചാരികൾ റദ്ദാക്കിയതാണ് ഇതിന് പ്രധാന കാരണം. ജപ്പാന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റുകളൊക്കെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു.
ചെറിപ്പൂക്കൾ പൂക്കുന്ന ഈ ടൂറിസം സീസണില്‍ ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ 90 ശതമാനം ഇടിവുണ്ടായി. പ്രവചനം പാളി പോയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വന്നുതുടങ്ങി. റിയോ പറഞ്ഞ വലിയ ദുരന്തം ഈ സാമ്പത്തിക നഷ്ടമാണെന്നാണ് കമന്റുകൾ.