Kerala Budget 2025 : ഇത്രയും ‘ക്ഷേമം’ മതി ! ക്ഷേമപെന്‍ഷനില്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്; ഭൂനികുതി കൂടും
Kerala Budget 2025 Announcements : ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകള്‍ 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 100 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോടതി ഫീസുകളും കൂട്ടി. 150 കോടി രൂപയുടെ അധികവരുമാനം ഇതിലൂടെ ലക്ഷ്യമിടുന്നു. 10 കോടി രൂപ അധികവരുമാനം ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും പുനഃക്രമീകരിച്ചു

ക്ഷേമപെന്‍ഷന്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്ന് അറിയാന്‍ ആദ്യാന്തം സംസ്ഥാന ബജറ്റ് വീക്ഷിച്ച സാധാരണക്കാരന് നിരാശ മാത്രം. ക്ഷേമപെന്‍ഷനില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. നിലവില്‍ 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. ഈ വാഗ്ദാനം പാലിക്കാന്‍ ഇനിയും 900 രൂപ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത്രയും വര്‍ധനവ് ബജറ്റില്‍ പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായിരുന്നെങ്കിലും, 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയാണ് അസ്ഥാനത്തായത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
നികുതി പ്രഹരം
വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രതീക്ഷിച്ചതുപോലെ തന്നെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകള്‍ 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 100 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോടതി ഫീസുകളും കൂട്ടി. 150 കോടി രൂപയുടെ അധികവരുമാനം ഇതിലൂടെ ലക്ഷ്യമിടുന്നു. 10 കോടി രൂപ അധികവരുമാനം ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും പുനഃക്രമീകരിച്ചു. എന്നാല്‍ സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.
ശമ്പള കമ്മീഷനെക്കുറിച്ചും മിണ്ടിയില്ല
ശമ്പളകമ്മീഷനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാത്തത് അപ്രതീക്ഷിതമായി. ക്ഷേമപെന്‍ഷന്‍ പോലെ തന്നെ, ശമ്പളക്കമ്മീഷനുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്ന ചില പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായിരുന്നു.




KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ പ്രധാനം. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്നും ഡി.എ.കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ തഴഞ്ഞെങ്കിലും വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സംസ്ഥാന ബജറ്റിലുണ്ടായിരുന്നു. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ഷിപ്പ് തുറമാക്കുമെന്നാണ് പ്രഖ്യാപനം. വയനാട് പുനരധിവാത്തിന് 750 കോടി രൂപയും പ്രഖ്യാപിച്ചു. സംസ്ഥാന ഹെൽത്ത് ടൂറിസത്തിന് 50 കോടിയും വകയിരുത്തി. തിരുവനന്തപുരം മെട്രോക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.