Kerala Lottery: ആദ്യ രണ്ട് സമ്മാനം ഒന്നേമുക്കാൽ കോടി; നറുക്കെടുപ്പ് തിങ്കളാഴ്ചകളിൽ: ഭാഗ്യതാര ലോട്ടറിയെപ്പറ്റി കൂടുതലറിയാം
Bhagyathara Lottery Details: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച പുതിയ ലോട്ടറികളിൽ ഒന്നായ ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് തിങ്കളാഴ്ചകളിലാണ് നടക്കുക. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം.

ഭാഗ്യതാര
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച പുതിയ ലോട്ടറിയാണ് ഭാഗ്യതാര ലോട്ടറി. മുൻപ് തിങ്കളാഴ്ചകളിൽ നറുക്കെടുത്തിരുന്ന വിൻ വിൻ ലോട്ടറിയ്ക്ക് പകരമാണ് സംസ്ഥാന സർക്കാർ ഭാഗ്യതാര ലോട്ടറി അവതരിപ്പിച്ചത്. ആദ്യ രണ്ട് സമ്മാനങ്ങൾ തന്നെ ഒന്നേമുക്കാൽ കോടി രൂപയാണ്. നേരത്തെ, വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കേവലം 75 ലക്ഷം രൂപയായിരുന്നു.
മെയ് രണ്ട്, വെള്ളിയാഴ്ച മുതലാണ് സംസ്ഥാന സർക്കാർ ലോട്ടറികളുടെ പേരും സമ്മാനവും വിലയുമെല്ലാം മാറ്റിയത്. നേരത്തെ പ്രതിവാര ലോട്ടറികളിൽ പലതിനും ഒന്നാം സമ്മാനം വ്യത്യസ്തമായിരുന്നു. എന്നാൽ, പുതിയ ലോട്ടറികളിൽ എല്ലാ ലോട്ടറികൾക്കും ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. ഭാഗ്യതാര ലോട്ടറിയ്ക്കും ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. ഭാഗ്യതാരയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപ. അതായത് നേരത്തെ തിങ്കളാഴ്ചകളിൽ പുറത്തിറങ്ങിയിരുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഇപ്പോൾ ഭാഗ്യതാരയുടെ രണ്ടാം സമ്മാനം.
ലോട്ടറികളുടെയെല്ലാം വില വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 40 രൂപയുടെ ടിക്കറ്റുകൾ ഇല്ല. വിൻ വിൻ ലോട്ടറിയ്ക്കടക്കം നേരത്തെ വില 40 രൂപയായിരുന്നു. ഇത് 50 രൂപയാക്കി. എല്ലാ ലോട്ടറികളുടെയും വില ഇപ്പോൾ 50 രൂപയാണ്. നേരത്തെ ഒരു ദിവസം ആകെ എട്ട് സമ്മാനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 10 എണ്ണമാക്കി വർധിപ്പിച്ചു. അവസാന സമ്മാനം നൂറ് രൂപയായിരുന്നത് 50 രൂപയാക്കിയാണ് പുതിയ പരിഷ്കാരം. ഏപ്രിൽ 30, ബുധനാഴ്ചയാണ് പഴയ ലോട്ടറി അവസാനമായി നറുക്കെടുത്തത്. ഫിഫ്റ്റി ഫിഫ്റ്റി. മെയ് രണ്ടിന് പുതിയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു.
ഞായറാഴ്ചകളിൽ അക്ഷയ ലോട്ടറിക്ക് പകരം സമൃദ്ധി ലോട്ടറിയാണ് പുതുതായി സംസ്ഥാന സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ പേര് ഇപ്പോൾ ധനലക്ഷ്മി എന്നാണ്. വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുന്ന നിർമൽ ലോട്ടറി ഇനിമുതൽ സുവർണകേരളം എന്നറിയപ്പെടും. വ്യാഴാഴ്ചയിലെ കാരുണ്യ പ്ലസ്, ശനിയാഴ്ചയിലെ കാരുണ്യ എന്നീ ലോട്ടറികളുടെയും ചൊവ്വാഴ്ചയിലെ സ്ത്രീശക്തി ലോട്ടറിയുടെയും പേര് മാറിയിട്ടില്ല. എന്നാൽ, ഈ ലോട്ടറികളിലെ സമ്മാനഘടന മാറിയിട്ടുണ്ട്.