AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MRF Success Story: ബലൂൺ വിറ്റ് തുടക്കം, സച്ചിന്റെ ബാറ്റും തകർത്ത് ലോകോത്തര ബ്രാൻഡിലേക്ക്; ‘എംആ‍ർഎഫ്’ കരുത്തിന് പിന്നിലെ കഥ

MRF Tyres Success Story: സെഞ്ച്വറി തികച്ച് ക്രീസിന് നടുവിൽനിന്ന് ആകാശത്തേക്ക് ഹെൽമറ്റും ബാറ്റുമുയർത്തി നിൽക്കുന്ന സച്ചിനിലൂടെ കോടിക്കണക്കിന് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ബ്രാൻഡ്, എംആർഎഫിന്റെ കഥ അറിയാം...

MRF Success Story: ബലൂൺ വിറ്റ് തുടക്കം, സച്ചിന്റെ ബാറ്റും തകർത്ത് ലോകോത്തര ബ്രാൻഡിലേക്ക്; ‘എംആ‍ർഎഫ്’ കരുത്തിന് പിന്നിലെ കഥ
Mrf Tyres
nithya
Nithya Vinu | Published: 21 Jun 2025 22:28 PM

സെഞ്ച്വറി തികച്ച് ക്രീസിന് നടുവിൽനിന്ന് ആകാശത്തേക്ക് ഹെൽമറ്റും ബാറ്റുമുയർത്തി നിൽക്കുന്ന സച്ചിനിലൂടെ കോടിക്കണക്കിന് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ബ്രാൻഡ്, തകർ‌ച്ചയുടെ വക്കിലെത്തിയ കുടുംബത്തിന് കൈതാങ്ങായ സംരംഭം….
എംആർഎഫ് എന്ന മദ്രാസ് റബർ ഫാക്ടറിക്ക് വിശേഷണങ്ങൾ ഏറെയാണ്. വെറുമൊരു ബലൂൺ കടയിൽ നിന്നും കോടികളുടെ ആസ്തിയിലേക്ക് ഉരുണ്ടുകയറിയ ടയറിന്റെ, എംആർഎഫിന്റെ കരുത്തിന്റെ കഥ അറിയാം…

കണ്ടത്തിൽ കുടുംബം

1938, മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകരായ കണ്ടത്തിൽ കുടുംബത്തിന് നഷ്ടങ്ങളുടെ വർഷമായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സിപി രാമസ്വാമിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മലയാള മനോരമ കണ്ടുകെട്ടിയതും ട്രാവൻകൂർ നാഷണൽ ആന്റ് ക്വയിലോൺ ബാങ്ക് തകർന്നതിന്റെ ആഘാതവും കുടുംബത്തെ തകർത്തു. കെ സി മാപ്പിള രണ്ട് വർഷത്തേക്ക് ജയിലിലാവുകയും ചെയ്തു. ആകെ തകർന്ന കുടുംബത്തെ എങ്ങനെയും വീണ്ടെടുക്കണമെന്ന ഇളയമകൻ കെഎം മാമ്മൻ മാപ്പിളയുടെ ചിന്തയാണ് എംആർഎഫിന്റെ പിറവിക്ക് പിന്നിൽ.

ജീവിതം മാറ്റിയ മദ്രാസ്

1946ൽ തന്റെ 10000 രൂപയുടെ സമ്പാദ്യത്തിന്റെ സഹായത്തോടെ മദ്രാസിലെ തിരുവെട്ടിയൂരിൽ മാമ്മൻ മാപ്പിള ഒരു ബലൂൺ നിർമ്മാണ ശാല ആരംഭിച്ചു. 1949ൽ മദ്രാസിലെ തമ്പുചെട്ടി സ്ട്രീറ്റിൽ ഓഫീസും തുടങ്ങി. 1952ൽ ട്രെഡ് റബർ നിർമാണത്തിലേക്ക് കടന്നു. ഉപയോ​ഗിച്ച് പഴകിയ ‍ഡയറുകളുടെ ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്ന എംആർഎഫിന്റെ ട്രെഡ് റബർ രാജ്യത്തെ ഹിറ്റായി. മൾട്ടി നാഷണൽ കമ്പനികളുമായി നേരിട്ട് മത്സരം ആരംഭിച്ചു, 4 വർഷത്തിനുള്ളിൽ 50% വീതവുമായി എംആർഎഫ് ഇന്ത്യയിലെ ട്രെഡ് റബറിന്റെ മാർക്കറ്റ് ലീഡായി.

ALSO READ: പച്ചക്കറിയിൽ തുടങ്ങി, ഇന്ന് കൊറിയൻ സമ്പത്തിന്റെ നെടുംതൂൺ; ‘സാംസങ്’ എന്ന മൂന്ന് നക്ഷത്രങ്ങളുടെ പിറവി

1961ൽ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് തിരുവെട്ടിയൂരിലെ പുതിയ പ്ലാന്റിൽ നിന്നുള്ള ആദ്യ ഡയർ പ്രകാശനം ചെയ്തു. 1963 ജൂൺ 12നാണ് ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ എംആർഎഫ് കൂടുതൽ ശ്രദ്ധേയമായത്. അന്ന് തിരുവെട്ടിയൂർ ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയത് സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നു.

വളർച്ചയിലേക്ക് കുതിച്ച ഡയറുകൾ

എംആർഎഫ് ഡയറുകൾ റോഡിലൂടെ ചീറിപാഞ്ഞു. ഇന്ത്യയ്ക്ക് പുറത്തും എംആർഎഫ് സ്ഥാനം നേടി. 1967 മുതൽ അമേരിക്കയിലക്ക് കയറ്റുമതി ആരംഭിച്ചു. 1970ൽ കോട്ടയത്ത് രണ്ടാം യൂണിറ്റ് തുടങ്ങി. തുടർന്ന് ഇന്ത്യയിലുടെനീളം പത്തോളം യൂണിറ്റുകൾ. 1985ൽ ഇരുചക്രവാഹനങ്ങൾക്കുള്ള എംആർഎഫ് നൈലോ​ഗ്രിപ്പ് സാപ്പർ ഡയർ പുറത്തിറക്കി. ആ​ഗോള തലത്തിൽ കാർ റാലികളും റോസിം​ഗുകളും സ്പോൺസർ‌ ചെയ്തു. ഭാവിയിലെ സൂപ്പർ‌ ബോളർമാരെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1988ൽ ആരംഭിച്ച പേസ് ഫൗണ്ടേഷനിലും പങ്കാളിയായി.

ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ കമ്പനിയായ ഹാസ്ബ്രോയുമായി സഹകരിച്ച് ഫൺസ്കൂൾ ഇന്ത്യയിൽ ആരംഭിച്ചു. 1996ൽ പത്മശ്രീ പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ വ്യവസായിയായി മാമ്മൻ മാപ്പിള മാറി. 1996ൽ മാസ്റ്റർ ബ്ലാസ്റ്ററുമായി കൈകോർത്തു.

സച്ചിൻ തെൻഡുൽക്കർ 

ഇതേവർഷം തന്നെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായുള്ള എംആർഎഫിന്റെ ബന്ധം ആരംഭിക്കുന്നത്. സെഞ്ച്വറി തികച്ച് ക്രീസിന് നടുവിൽനിന്ന് ആകാശത്തേക്ക് ഹെൽമറ്റും ബാറ്റുമുയർത്തി നിൽക്കുന്ന സച്ചിനിലൂടെ എംആർഎഫ് കോടിക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പടർന്നു.

ഇന്ന് ആ​ഗോളതലത്തിൽ എംആർഎഫിന്റെ സ്ഥാനം വളരെ വലുതാണ്. ടയർ ബ്രാൻഡുകൾക്കിടയിൽ ലോകത്തെ മൂന്നാമത്തെ ശക്തമായ ബ്രാൻഡായി എംആർഎഫ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഏകദേശം 24369 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.