Post Office Savings Scheme: 7,000, പന്ത്രണ്ട് ലക്ഷമാക്കാം; ഈ പോസ്റ്റ് ഓഫീസ് സ്‌കീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
Post Office Recurring Deposit Interest Rate: അഞ്ച് വര്‍ഷമാണ് ആര്‍ഡികളുടെ കാലാവധി. അതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് തവണ കാലാവധി നീട്ടി 15 വര്‍ഷം വരെ നിക്ഷേപം നടത്താം.

പ്രതീകാത്മക ചിത്രം
സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കാനായി ധാരാളം പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതികളിലൊന്നാണ് റിക്കറിങ് ഡെപ്പോസിറ്റുകള്‍ (ആര്‍ഡി). എത്ര രൂപ വേണമെങ്കിലും ആര്‍ഡിയില്‍ നിക്ഷേപിക്കാവുന്നതാണ്. നിങ്ങളുടെ നിക്ഷേപത്തിന് പരിധികളൊന്നും തന്നെ ഉണ്ടായിരിക്കില്ല.
അഞ്ച് വര്‍ഷമാണ് ആര്‍ഡികളുടെ കാലാവധി. അതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് തവണ കാലാവധി നീട്ടി 15 വര്‍ഷം വരെ നിക്ഷേപം നടത്താം. 6.7 ശതമാനം പലിശയാണ് നിലവില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി വാഗ്ദാനം ചെയ്യുന്നത്. എല്ലാ നിക്ഷേപകര്‍ക്കും ഈ പലിശ ബാധകമാണ്.
100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തികശേഷിക്ക് അനുസരിച്ചുള്ള നിക്ഷേപം തിരഞ്ഞെടുക്കാം. പ്രതിമാസമാണ് നിക്ഷേപം നടത്തേണ്ടത്. കാലാവധിക്ക് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നുണ്ട്. കൂടാതെ നിക്ഷേപത്തില്‍ നിന്ന് ലോണുകള്‍ ലഭിക്കുന്നതാണ്. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപത്തിന്റെ 50 ശതമാനം വായ്പയായി എടുക്കാം.
Also Read: 5,000 രൂപ നിക്ഷേപത്തിന് SIP vs PPF: 15 വര്‍ഷത്തിനുള്ളില്‍ ആര് നല്‍കും കൂടുതല്‍ നേട്ടം?
പ്രതിമാസം 7,000 രൂപ നിക്ഷേപിക്കാനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ 12 ലക്ഷം രൂപ വരെ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. 5 വര്‍ഷത്തിനുള്ളിലെ ആകെ നിക്ഷേപം 4,20,000 രൂപ. ഇതിന് 6.7 ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്ന തുക 79,564 രൂപ. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ തുക 4,99,564 രൂപയാണ്.
ഈ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നടത്തുമ്പോള്‍, 10 വര്‍ഷത്തെ ആകെ നിക്ഷേപം 8,40,000 രൂപ. 6.7 ശതമാനം വാര്‍ഷിക പലിശയായി 3,55,982 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്നത് 11,95,982 രൂപയായിരിക്കും.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.