Salary Account Benefits: ബാലൻസ് പോലും വേണ്ട, സാലറി അക്കൗണ്ടിൽ നിങ്ങളറിയാത്ത ആനുകൂല്യങ്ങളും ഉണ്ട്
സാലറി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിലനിർത്താതെ തന്നെ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ഒപ്പം വ്യത്യസ്തങ്ങളായ നിരവധി ആനുകൂല്യങ്ങളും ലഭിക്കും

ജോലി ഉള്ളവരാണെങ്കിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം ലഭിക്കുന്നവരാണെങ്കിൽ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യമായൊരു സാലറി അക്കൗണ്ട് തുടങ്ങുക എന്നതാണ്. ഇതF വഴി നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഇൻഷുറൻസ് മുതൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ സാലറി അക്കൗണ്ട് വഴി ലഭിക്കും. അവ എന്തൊക്കെയാണ് എങ്ങനെയാണ് എന്ന് പരിശോധിക്കാം.
ഇൻഷുറൻസ് പരിരക്ഷ
ചില സാലറി അക്കൗണ്ടുകളിൽ അപകട മരണ പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവ അതാത് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ടിൻ്റെ രീതി കമ്പനി എന്നിവയെ ആശ്രയിച്ചാണിത്.
ആകർഷകമായ വായ്പാ പലിശ നിരക്ക്
സാലറി അക്കൗണ്ട് ഉടമകൾക്ക് മികച്ച പലിശ നിരക്ക് ലഭിക്കും. അത്തരം ആളുകൾക്ക് ബാങ്കുകൾ വിവിധ വായ്പാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനെ വായ്പകൾക്ക് ‘പ്രിഫറൻഷ്യൽ പ്രൈസിംഗ് ഓഫറുകൾ’ എന്ന് വിളിക്കുന്നു.
ഓവർഡ്രാഫ്റ്റ് സൗകര്യം
ചില ബാങ്കുകൾ സാലറി അക്കൗണ്ട് ഉടമകൾക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് ബാലൻസിനേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഹ്രസ്വകാല വായ്പയാണിത്.
മുൻഗണന
പല ബാങ്കുകളും ശമ്പള അക്കൗണ്ട് ഉടമകൾക്ക് മുൻഗണനാ സേവനങ്ങൾ നൽകുന്നു. അവർ വ്യക്തിഗത ബാങ്കർമാരും മറ്റ് ആനുകൂല്യങ്ങളും അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബാങ്കുകൾ നിരവധി അധിക ആനുകൂല്യങ്ങളുള്ള ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്യുന്നു.
സൗജന്യ ഡീമാറ്റ് അക്കൗണ്ട്
ശമ്പള അക്കൗണ്ട് ഉടമകൾക്ക് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കാനോ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനോ സഹായിക്കുന്ന സൗജന്യ ഡീമാറ്റ് അക്കൗണ്ട് തുറക്കാനും അനുവദിക്കുന്നു.
സാലറി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിലനിർത്താതെ തന്നെ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നു. സാലറി അക്കൗണ്ട് ഉള്ളയാൾക്ക് നൽകുന്ന ഡെബിറ്റ് കാർഡുകൾ മികച്ച ഷോപ്പിംഗ് പരിധി, സൗജന്യ ലോഞ്ച് ആക്‌സസ്, കുടുംബാംഗങ്ങൾക്ക് സൗജന്യ സീറോ-ബാലൻസ് അക്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളുമുണ്ട്. ഈ ആനുകൂല്യങ്ങൾ ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. ചില ബാങ്കുകൾ ശമ്പള അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ഫീസ് ഒഴിവാക്കാറുണ്ട്. ഡെബിറ്റ് കാർഡുകൾ വഴി ഇന്ധന സർചാർജുകൾ ലാഭിക്കാനും കഴിയും.