Silver Price: നിശബ്ദമായി കുതിച്ച് വെള്ളിയും, സ്വർണത്തെ കടത്തിവെട്ടുമോ?
Robert Kiyosaki prediction on Silver Price: ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സ്വർണ്ണത്തിന്റെ കുതിപ്പ്, ഓഹരി വിപണികളിലെ ഏറ്റക്കുറച്ചിലുകൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, യുദ്ധം തുടങ്ങിയവയെല്ലാം വെള്ളി വിലയിൽ പ്രതിഫലിക്കും.
പ്രവചനങ്ങളെ കാറ്റിൽ പറത്തി സംസ്ഥാനത്ത് സ്വർണ വില കുതിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 840 രൂപ കൂടി 72160 രൂപയായി. ഇറാൻ ഇസ്രായേൽ സംഘർഷവും, ട്രംപിന്റെ താരിഫ് യുദ്ധവുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
എന്നാൽ ഇതിന്റെ ഇടയിൽ നിശബ്ദമായി കുതിക്കുന്ന മറ്റൊരു ലോഹമാണ് വെള്ളി. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് ₹120 ഉം കിലോഗ്രാമിന് ₹1,20,000 ഉം ആണ്. സ്വർണ്ണത്തേക്കാൾ നിക്ഷേപകർ പണം വാരിയിരിക്കുന്നത് വെള്ളിയിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ ജൂലൈ മാസം വെള്ളിയുടേതാകുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ് റോബർട്ട് കിയോൻസ്കി എന്ന ബിസിനസ്മാൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അദ്ദേഹം വെള്ളിയുടെ ഉയർന്ന റിവാർഡ്-ടു-റിസ്‌ക് സാധ്യത ചൂണ്ടിക്കാട്ടിയത്. മികച്ച വളർച്ച സാധ്യത അദ്ദേഹം വെള്ളിയിൽ കാണുന്നുണ്ട്.
നിലവിൽ സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിലാണ് വെള്ളി വില രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ സ്ഥിതി എപ്പോൾ വേണമെങ്കിലും മാറിമറിയാം. വെള്ളി വാങ്ങുമ്പോൾ ലാഭമാണെങ്കിലും വിൽക്കുമ്പോൾ അങ്ങനെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈയിൽ വെള്ളി വില കുതിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം യാഥാർത്ഥ്യമാകുമോ എന്ന കാത്തിരിപ്പിലാണ് പലരും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സ്വർണ്ണത്തിന്റെ കുതിപ്പ്, ഓഹരി വിപണികളിലെ ഏറ്റക്കുറച്ചിലുകൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, യുദ്ധം തുടങ്ങിയവയെല്ലാം വെള്ളി വിലയിൽ പ്രതിഫലിക്കും. കൂടാതെ സ്വർണ്ണവിലയിലെ കുതിപ്പ് വെള്ളിയുടെ ആഭരണ ഡിമാൻഡ് നേരിട്ട് വർധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ , സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ വർധിച്ചുവരുന്ന വ്യാവസായിക ആവശ്യകതയും വെള്ളിവിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. ഇതിനു പുറമേ സ്വർണത്തെ മറികടക്കാൻ പ്രാപ്തിയുള്ള ഒരു നിക്ഷേപമായും വെള്ളി ഉയർന്നു വന്നുകഴിഞ്ഞു.