SIF: എസ്‌ഐഎഫില്‍ ഒരു കൈ നോക്കിയാലോ? ക്വാണ്ട്, എഡല്‍വീസ്, എസ്ബിഐയെല്ലാം അങ്കത്തട്ടിലേക്ക്
Specialized Investment Funds Benefits: സെപ്റ്റംബറിലാണ് ക്വാണ്ട് എസ്‌ഐഎഫ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ എഡല്‍വീസും എസ്ബിഐയും ഒക്ടോബര്‍ ഒന്നിനും ഹൈബ്രിഡ് ലോങ്-ഷോര്‍ട്ട് എസ്‌ഐഎഫുകള്‍ പുറത്തിറക്കി.
സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അടുത്തിടെയാണ് സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ക്ക് (എസ്‌ഐഎഫ്) അനുമതി നല്‍കിയത്. ഇക്വിറ്റികള്‍ക്കും ബോണ്ടുകള്‍ക്കും പുറമെ സമ്പന്നരായ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രമുഖ അസറ്റ് മാനേജര്‍മാര്‍ ഇതോടെ ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് വിഭാഗങ്ങളിലായി എസ്‌ഐഎഫുകള്‍ക്ക് തുടക്കം കുറിച്ചു.
സെപ്റ്റംബറിലാണ് ക്വാണ്ട് എസ്‌ഐഎഫ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ എഡല്‍വീസും എസ്ബിഐയും ഒക്ടോബര്‍ ഒന്നിനും ഹൈബ്രിഡ് ലോങ്-ഷോര്‍ട്ട് എസ്‌ഐഎഫുകള്‍ പുറത്തിറക്കി.
എന്താണ് എസ്‌ഐഎഫുകള്‍
പരിചയസമ്പന്നരോ അല്ലെങ്കില്‍ ഉയര്‍ന്ന തുക നിക്ഷേപിക്കുന്നവരോ ആയിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള നിക്ഷേപ മാര്‍ഗമാണ് എസ്‌ഐഎഫ്. ഇത് വരുമാനത്തിനായി കുറച്ചുകൂടി റിസ്‌ക്കെടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നു. സാധാരണയുള്ള നിക്ഷേപ ഓപ്ഷനുകളില്‍ എസ്‌ഐഎഫ് ലഭ്യമല്ല. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ക്കും (പിഎംഎസ്) ഇടയിലുള്ള ഒരു മാര്‍ഗമായും എസ്‌ഐഎഫുകളെ പരിഗണിക്കാം. എസ്‌ഐഎഫില്‍ 10 ലക്ഷം രൂപ അല്ലെങ്കില്‍ ചില നിക്ഷേപകര്‍ക്ക് മാത്രം 1 ലക്ഷം രൂപ എന്ന നിക്ഷേപ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.




ഇവയെ വ്യത്യസ്തമാക്കുന്ന ആസ്തിയുടെ 25 ശതമാനം വരെയുള്ള നേക്കഡ് ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാനുള്ള കഴിവാണ്. ഹെഡ്ജിങ് ഒഴികെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പിഎംഎസിനും ലഭ്യമല്ലാത്ത ഒരു തന്ത്രം കൂടിയാണിത്. നേക്കഡ് ഷോര്‍ട്ടിങില്‍ സെക്യൂരിറ്റികള്‍ സ്വന്തമാക്കാതെ വില്‍ക്കാനാകും. ഇത് നിങ്ങളെ വിപണി ഏത് അവസ്ഥയിലൂടെ മുന്നേറുമ്പോഴും ലാഭം നേടുന്നതിന് സഹായിക്കും.
പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാം
എഡല്‍വീസിന്റെ മ്യൂച്വല്‍ ഫണ്ട് ആള്‍ട്ടിവ ഹൈബ്രിഡ് ലോങ്-ഷോര്‍ട്ട് ഫണ്ടിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍, സെബിയുടെ നിയമങ്ങള്‍ അനുസരിച്ച് ഇക്വിറ്റിയിലും ഡെബ്റ്റിലും കുറഞ്ഞത് 25 ശതമാനം എങ്കിലും സാന്നിധ്യം നിലനിര്‍ത്തേണ്ടതുണ്ട്. ഏകദേശം 50 ശതമാനം ആസ്തികള്‍ ഡെബ്റ്റില്‍ നിക്ഷേപിക്കപ്പെടുന്നു. എഎഎ സോവറിനുകളും, എഎ റേറ്റഡ് കോര്‍പ്പറേറ്റ് ബോണ്ടുകളും ആകാമിത്. ബാക്കിയുള്ളവ ആര്‍ബിട്രേജ് (20-40%), അണ്‍ഹെഡ്ജ്ഡ് ഇക്വിറ്റി (10%), ഡെറിവേറ്റീവ് തന്ത്രങ്ങള്‍ (10-15%) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
നികുതി ആനുകൂല്യം
എഡല്‍വീസില്‍ ഏകദേശം 50 ശതമാനം ഇക്വിറ്റികള്‍, ആര്‍ബിട്രേജ്, ഡെറിവേറ്റീവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ നികുതി നിയമങ്ങള്‍ അനുസരിച്ച് നോണ്‍ ഇക്വിറ്റി, നോണ്‍ ഡെബ്റ്റ് ഫണ്ടായി യോഗ്യത നേടാനാകും. ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 12.5 ശതമാനം നികുതി ബാധകമാണ്.