Donald Trump-China: ചൈനയ്ക്ക് താരിഫില്ല, പിന്മാറുമെന്ന് ട്രംപ്; കത്തിക്കയറി ഓഹരി വിപണി
Trump Hints at China Tariff Rollback: ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൈന തങ്ങളോട് ശത്രുതാ നിലപാട് പുലര്‍ത്തുന്നു എന്നാരോപിച്ച് ട്രംപ് അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ്
ചൈനയെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടാ…ട്രംപിന്റെ ഈ വാചകങ്ങള്‍ വീണ്ടും ഓഹരി വിപണിയ്ക്ക് കരുത്തേകിയിരിക്കുകയാണ്. ഇതോടെ യുഎസ് സ്‌റ്റോക്ക് ഫ്യുച്ചറുകള്‍ വീണ്ടും ഉയര്‍ന്നു. ചൈനയ്ക്ക് മേല്‍ നവംബര്‍ 1 മുതല്‍ 100 ശതമാനം താരിഫ് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത നഷ്ടമാണ് ഓഹരികള്‍ നേരിട്ടത്.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ നിലംപതിച്ച സ്റ്റോക്കുകള്‍ക്ക് വീണ്ടും ജീവന്‍ വന്നു. ഡൗ ഫ്യൂച്ചറുകള്‍ 0.8 ശതമാനം, എസ്&പി 500 ഫ്യൂച്ചറുകള്‍ 1.04 ശതമാനം, നാസ്ഡാക്ക് ഫ്യൂച്ചറുകള്‍ 1.34 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ച്ച കൈവരിച്ചത്. എസ്&പി 500 നും നാസ്ഡാക്കിനും ഏപ്രിലിന് ശേഷം ഏറ്റവും മോശം പ്രകടനം രേഖപ്പെടുത്തിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഡൗ ഫ്യൂച്ചറുകള്‍ മെയ് മാസത്തിന് ശേഷം ഏറ്റവും മോശം ദിവസത്തിലേക്കുമെത്തി.
ചൈനയുടെ കാര്യത്തില്‍ വിഷമിക്കേണ്ടാ, എല്ലാം ശരിയാകും. ഷി ജിന്‍പിങ് മികച്ചൊരു നേതാവാണ്, തന്റെ രാജ്യത്ത് ദോഷം വരുന്നത് അദ്ദേഹം ചെയ്യില്ല, യുഎസും ചെയ്യില്ലെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചതോടെ കാര്യങ്ങളാകെ മാറി.
ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൈന തങ്ങളോട് ശത്രുതാ നിലപാട് പുലര്‍ത്തുന്നു എന്നാരോപിച്ച് ട്രംപ് അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. ട്രംപ് തീരുവയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അമേരിക്കയ്‌ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനയും മുന്നറിയിപ്പ് നല്‍കി.
ഞങ്ങള്‍ക്ക് താരിഫ് യുദ്ധം വേണ്ട, പക്ഷെ ഞങ്ങള്‍ അതിനെ ഭയപ്പെടുന്നുമില്ല, ചൈനയുടെ നിലപാട് സ്ഥിരതയുള്ളതാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. എന്നാല്‍ നിലവില്‍ നവംബര്‍ 1ന് മുമ്പ് ട്രംപ് ചൈനയ്ക്ക് മേല്‍ ചുമത്തിയ താരിഫുകളില്‍ നിന്ന് പിന്മാറുമോ എന്ന കാര്യം വ്യക്തമല്ല. അതിനാല്‍ തന്നെ ഇത് വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമാകും.
Also Read: Donald Trump-China: ചൈനയെ ദ്രോഹിക്കാനല്ല, സഹായിക്കാനാണ് യുഎസിന് താത്പര്യം; മലക്കംമറിഞ്ഞ് ട്രംപ്
നവംബര്‍ ഒന്നിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് യുഎസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന വാദവും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ നിരത്തി. ഈ വാദം ചൈന തള്ളി. പ്രസക്തമായ എല്ലാ രാജ്യങ്ങളെയും തീരുമാനം അറിയിച്ചുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം തിരിച്ചടിച്ചു.