Union Budget 2025 : ദമ്പതികള്‍ക്കായി സംയുക്ത നികുതി സംവിധാനം ഏര്‍പ്പെടുത്തുമോ? ചര്‍ച്ചയായി ഐസിഎഐയുടെ നിര്‍ദ്ദേശം; പ്രയോജനങ്ങള്‍ എന്തെല്ലാം?

Joint Tax Filing System : വ്യക്തിപരമായി ഫയല്‍ ചെയ്യുന്നതിനെക്കാള്‍, സംയുക്ത ഓപ്ഷനിലൂടെ നല്‍കുന്നതിലൂടെ കൂടുതല്‍ കിഴിവുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ കുടുംബങ്ങള്‍ക്ക് നികുതി ബാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ഒരാളുടെ മാത്രം വരുമാനം ആശ്രയിച്ചുള്ള കുടുംബങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ നികുതി ഭാരം ഫലപ്രദമായി കുറയ്ക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്

Union Budget 2025 : ദമ്പതികള്‍ക്കായി സംയുക്ത നികുതി സംവിധാനം ഏര്‍പ്പെടുത്തുമോ? ചര്‍ച്ചയായി ഐസിഎഐയുടെ നിര്‍ദ്ദേശം; പ്രയോജനങ്ങള്‍ എന്തെല്ലാം?

പ്രതീകാത്മക ചിത്രം

Published: 

29 Jan 2025 | 09:06 PM

മ്പതികൾക്കായി ഒരു സംയുക്ത നികുതി സംവിധാനം ഏർപ്പെടുത്തണമെന്നത്‌ കേന്ദ്ര ബജറ്റിന് മുന്നോടിയായി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശമായിരുന്നു. യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ നിലവിലുള്ള സംവിധാനങ്ങൾക്ക് സമാനമായി ദമ്പതികളുടെ വരുമാനം ഒന്നിച്ച് കാണിച്ച് ഒറ്റ നികുതി ഈടാക്കി ടാക്‌സ് ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് ഐസിഎഐ മുന്നോട്ടുവച്ചത്. വിവാഹിതരായ ദമ്പതികളെ സംയുക്തമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ അനുവദിക്കണമെന്ന ഐസിഎഐയുടെ നിര്‍ദ്ദേശം ചര്‍ച്ചയായിരുന്നു.

ഇത് പ്രാവര്‍ത്തികമായാല്‍, ദമ്പതികള്‍ക്ക് ഒരുമിച്ചോ, അല്ലെങ്കില്‍ വ്യക്തിപരമായോ നികുതി സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ലഭ്യമാകും. പങ്കാളികളില്‍ ഒരാള്‍ പ്രധാന വരുമാനസ്രോതസായ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇത് നികുതി ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

”വിവാഹിതരായ ദമ്പതികളെ സംയുക്ത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ അനുവദിക്കണമെന്ന്‌ ഐസിഎഐ നിർദ്ദേശിക്കുന്നു. ഏഴ് ലക്ഷം വരെ വരുമാനമുള്ള വ്യക്തികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. വിവാഹിതരാണെങ്കില്‍, കുടുംബത്തിന്റെ ഇളവ് പരിധി 14 ലക്ഷം രൂപയായിരിക്കും”-ചാര്‍ട്ടേണ്ട് അക്കൗണ്ടന്റായ ചിരാഗ് ചൗഹാന്‍ എക്‌സില്‍ കുറിച്ചു.

ആറു ലക്ഷം രൂപ വരെ നികുതി ഈടാക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആറു മുതല്‍ 14 ലക്ഷം വരെ-അഞ്ച് ശതമാനം, 14-20 ലക്ഷം രൂപ-10 ശതമാനം, 20-24 ലക്ഷം-15 ശതമാനം, 24-30 ലക്ഷം-20 ശതമാനം, 30 ലക്ഷത്തിന് മുകളില്‍-30 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അടിസ്ഥാന ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി വര്‍ധിക്കുമെന്നതാണ്‌ ജോയിന്റ് ഫയലിംഗ് സിസ്റ്റത്തിന്റെ പ്രധാന സവിശേഷത. സർചാർജ് പരിധി 50 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തണമെന്നും ഐസിഎഐ ശുപാര്‍ശ ചെയ്തു.

ഒരു കോടി മുതല്‍ രണ്ട് കോടി വരെ 10 ശതമാനവും, രണ്ട് മുതല്‍ നാല് കോടി വരെ 15 ശതമാനവും, നാല് കോടിക്ക് മുകളില്‍ 25 ശതമാനവും സര്‍ചാര്‍ജ് ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ ജോലിക്കാരായ ദമ്പതിമാര്‍ക്ക് സംയുക്ത ഫയലിംഗ് സംവിധാനത്തിന് കീഴിലുള്ള സ്റ്റാൻഡേർഡ് കിഴിവിൽ നിന്ന് പ്രയോജനം നേടാനും സാധിക്കും.

വ്യക്തിപരമായി ഫയല്‍ ചെയ്യുന്നതിനെക്കാള്‍, സംയുക്ത ഓപ്ഷനിലൂടെ നല്‍കുന്നതിലൂടെ കൂടുതല്‍ കിഴിവുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ കുടുംബങ്ങള്‍ക്ക് നികുതി ബാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഒരാളുടെ മാത്രം വരുമാനം ആശ്രയിച്ചുള്ള കുടുംബങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ നികുതി ഭാരം ഫലപ്രദമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

Read Also : നിസാരമല്ല അറിഞ്ഞിരിക്കാം ഈ വസ്തുതകള്‍; എന്താണ് ബജറ്റ്?

നിലവില്‍ രാജ്യത്ത് ദമ്പതികള്‍ക്ക് വെവ്വേറെ നികുതി ഫയല്‍ ചെയ്യുന്ന രീതിയാണുള്ളത്. പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നുണ്ടെങ്കില്‍ അത് ഉയര്‍ന്ന നികുതി ഭാരമാണ് ഉണ്ടാക്കുന്നത്.

രണ്ട് വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ സംവിധാനം ഗുണം ചെയ്യുന്നുണ്ട്. കാരണം പങ്കാളികളില്‍ ഓരോരുത്തര്‍ക്കും വ്യക്തിഗത കിഴിവുകള്‍ ക്ലെയിം ചെയ്യാനാകും. എന്നാല്‍ ഒറ്റ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ സംയുക്ത ഫയലിംഗ് സംവിധാനത്തിലൂടെ വരുമാനം സംയോജിപ്പിക്കുകയും അതുവഴി അധിക കിഴിവുകള്‍ ലഭിക്കുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള നികുതി ഭാരം കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ലക്ഷ്യമാണ് ഐസിഎഐയുടെ നിര്‍ദ്ദേശത്തിന് പിന്നില്‍. ജീവിത ചെലവ് വര്‍ധിക്കുന്നതിനാല്‍ നിലവിലെ അടിസ്ഥാന ഇളവ് പരിധി അപര്യാപ്തമാണെന്ന് ഐസിഎഐ ചൂണ്ടിക്കാട്ടുന്നു.

പ്രയോജനപ്പെടുന്ന നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും, വരാനിരിക്കുന്ന ബജറ്റില്‍ സംയുക്ത നികുതി സംവിധാനം നടപ്പിലാക്കിയേക്കില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ വ്യവസ്ഥയില്‍ പൂര്‍ണമായ അഴിച്ചുപണി വേണ്ടിവരുമെന്നതാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു സംവിധാനം അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സമയമെടുത്തേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ