KDRB LD Clerk Recruitment 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് നിയമനം; പരീക്ഷാത്തീയതി പുറത്തുവിട്ട് കെഡിആര്‍ബി
Kerala Devaswom Board Recruitment LD Clerk Examination Date Out: ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ നിശ്ചിത സമയപരിധി അനുവദിക്കും

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള 400-ലേറെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) പരീക്ഷകള്‍ ആരംഭിക്കുന്നു. എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കാണ് ആദ്യ പരീക്ഷ. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചിട്ടുള്ള തസ്തികകളില്‍ ഒന്നാണിത്. 26,500 – 60,700 ആണ് ശമ്പളപരിധി. 18-36 പ്രായപരിധിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കായാണ് വിജ്ഞാപനം പുറത്തുവിട്ടത്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഈ തസ്തികയില്‍ ആവശ്യമാണ്. 36 ഒഴിവുകളുണ്ട്. 500 രൂപയായിരുന്നു ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപയായിരുന്നു ഫീസ്. ജൂലൈ 13നാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 13ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ഈ മാസം 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒഎംആര്‍ പരീക്ഷയാണ്. പൊതുവിഞ്ജാനവും ആനുകാലികവും, ലഘുഗണിതം, യുക്തിചിന്ത, മാനസികശേഷി, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്ഷേത്രകാര്യങ്ങള്‍, ഹൈന്ദവസംസ്‌കാരം, ആചാരനുഷ്ഠാനങ്ങള്‍, വിവിധ ദേവസ്വങ്ങള്‍ എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
ഈ തസ്തികയിലെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകുമെന്ന് കെഡിആര്‍ബി അറിയിച്ചു. പരമാവധി മാര്‍ക്ക് 100 ആണ്. 1.15 മണിക്കൂര്‍ പരീക്ഷയുടെ ദൈര്‍ഘ്യം. മലയാളത്തിലാണ് ചോദ്യങ്ങള്‍. അഡ്മിറ്റ് കാര്‍ഡിനൊപ്പം, ഫോട്ടോ പതിച്ച ഏതെങ്കിലും രേഖകളുടെ (വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയവ) അസല്‍ പരിശോധനയ്ക്ക് ഹാജരാക്കണം.
ശ്രദ്ധിക്കണം
അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ച സമയത്തിന് മുമ്പ് തന്നെ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. താമസിക്കുന്നവരെ പരീക്ഷ എഴുതിക്കില്ലെന്ന് കെഡിആര്‍ബി അറിയിച്ചു. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. ഇത്തരത്തില്‍ നിരോധിത വസ്തുക്കളുമായി പ്രവേശിക്കുന്നവരെ ബോര്‍ഡിന്റെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് അയോഗ്യരാക്കും.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ നിശ്ചിത സമയപരിധി അനുവദിക്കും. പരീക്ഷാ സമയത്തിന്റെ ആദ്യ 30 മിനിറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ പരിശോധിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ആര്‍. ഗീത വ്യക്തമാക്കി.
ഓര്‍ത്തുവയ്ക്കാം ഇക്കാര്യങ്ങള്‍
- പരീക്ഷാത്തീയതി: 2025 ജൂലൈ 13
- പരീക്ഷാസമയം: ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ
- കാറ്റഗറി നമ്പര്‍: 01/2025
- അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നത്: ജൂണ്‍ 28 മുതല്‍
- അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നത്: kdrb.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈല്‍ വഴി
റാങ്ക് ലിസ്റ്റ് എന്ന്?
റാങ്ക് ലിസ്റ്റ് എന്ന് വരുമെന്ന് സംബന്ധിച്ച് കെഡിആര്‍ബി വ്യക്തമാക്കിയിട്ടില്ല. മെയ് 12 വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. ഈ സമയപരിധി പിന്നിട്ട് രണ്ട് മാസം കഴിയുമ്പോഴേക്കും പരീക്ഷാ നടപടികളും ആരംഭിക്കുന്നു.
റാങ്ക് ലിസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കിയേക്കാമെന്നാണ് ഇത് നല്‍കുന്ന സൂചന. ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 തസ്തികകളിലായി 400-ലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മറ്റ് തസ്തികകളിലേക്കുള്ള പരീക്ഷ എന്നാണെന്ന് നിലവില്‍ വ്യക്തമാക്കിയിട്ടില്ല.