KEAM Rank List 2025: എഞ്ചിനീയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് ജൂണ്‍ 10നോ? സാധ്യതകള്‍ ഇങ്ങനെ
KEAM Rank List 2025 Expected Soon: പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്ലസ്ടു മാര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ വൈകിട്ട് ആറു മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാന്‍ അവസരമുള്ളത്

എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടനെത്തുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റ് നാളെ (ജൂണ്‍ 10) എത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമാണ്. ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നാളെ റാങ്ക് ലിസ്റ്റ് പുറത്തുവരുമെന്ന പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. നിലവില്‍ റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവരാനാണ് സാധ്യത. ഈ മാസം പകുതിയോടെ റാങ്ക് ലിസ്റ്റ് ലഭ്യമായേക്കാം.
അതേസമയം, പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്ലസ്ടു മാര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ വൈകിട്ട് ആറു മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാന്‍ അവസരമുള്ളത്.
cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2025-Canddiate Portal’ എന്ന ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം. ഇതിനായി ലിങ്കില്‍ അപേക്ഷാ നമ്പറും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഹോം പേജിലെ ‘+2 Mark Verification for Engg’ എന്ന ഓപ്ഷന്‍ വഴി മാര്‍ക്കിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.




നാളെ വൈകുന്നേരം ആറിനുള്ളില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഓണ്‍ലൈനായി മാര്‍ക്ക് വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമായിരുന്നിട്ടും അത് നടത്താത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേ പോലെ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. പ്രവേശനസമയത്ത് ഇതില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടേക്കാം.